മുണ്ടക്കയം: അമിതവേഗം പിടികൂടാൻ ആധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സജ്ജമാക്കി. കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാതയിൽ മുപ്പത്തിനാലാം മൈലിന് സമീപമാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മറ്റ് വെക്കാത്ത ബൈക്ക് യാത്രികർ, സീറ്റ് ബെല്‍റ്റില്ലാതെ വാഹനമോടിക്കുന്നവര്‍, അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍, കൃത്യമായ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം കാമറയില്‍ കുടുങ്ങും.
ഇത്തരം വാഹനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സെര്‍വര്‍ കണ്ട്രോള് റൂമില്‍ സൂക്ഷിക്കും. തുടര്‍ന്ന് ജില്ല കണ്ട്രോള് റൂമിലേക്ക് കൈമാറും. ഇവിടെനിന്നാണ് നിയമലംഘനം നടത്തിയ വാഹന ഉടമകള്‍ക്ക് ചിത്രം, തീയതി, സമയം, സ്ഥലം, കുറ്റകൃത്യം എന്നിവ ഉള്‍പ്പെട്ട നോട്ടീസ് തപാല്‍ വഴിയും എസ്.എം.എസ് മുഖേനെയും ലഭിക്കുക.
മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറയാണ് ഗതാഗത വകുപ്പ് കെല്‍ട്രോണിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് മുപ്പത്തിനാലാം മൈലിലും ഗതാഗതവകുപ്പ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന അപകടങ്ങളും വാഹനങ്ങളുടെ അമിതവേഗവും, വാഹന പരിശോധനക്കുള്ള പരിമിതിയുമാണ് മേഖലയിൽ കാമറ സ്ഥാപിക്കാൻ ഗതാഗത വകുപ്പിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ശബരിമല സീസണിൽ അടക്കം ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ അപകടങ്ങൾ പതിവാണ്. കാമറ കണ്ണുകളുടെ നിരീക്ഷണം ശക്തമാകുന്നതോടെ ഇത് ഒരുപരിധിവരെ കുറക്കാൻ കഴിയുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.