മുണ്ടക്കയം: പ്രളയം കേടുപാട് വരുത്തിയ കോസ്വേ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ വാഹന യാത്രികർ ദുരിതത്തിൽ. കഴിഞ്ഞ പ്രളയത്തിൽ പാലത്തിന് സാരമായ കേടുപാട് സംഭവിച്ചിരുന്നു. കൈവരികൾ പൂർണമായി തകരുകയും ടാറിങ് ഇളകി പോകുകയും ചെയ്തു. യുദ്ധകാലാടിസ്ഥാനത്തിൽ കൈവരികൾ പുനർസ്ഥാപിച്ചെങ്കിലും ടാറിങ് തകർന്ന ഭാഗത്തെ നവീകരണം വൈകുകയാണ്. പാലത്തിന്റെ മധ്യഭാഗത്തെ ടാറിങ് പൂർണമായി തകർന്ന് കുഴികൾ രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങളടക്കം കുഴിയിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്.
പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയുടെ ഭാഗമായ കോസ് വേ പാലത്തിലൂടെ നിത്യേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പലഭാഗത്തും കോൺക്രീറ്റ് തകർന്ന കുഴികൾ രൂപപ്പെട്ടത് വാഹന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മഴക്കാലമായതോടെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുകയും ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതുമൂലം അപകടങ്ങളും സംഭവിക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ സ്കൂൾ വിദ്യാർഥികൾ അടക്കം കാൽനടക്കാരുടെ മേൽ മലിനജലം തെറിക്കുന്നതും പതിവാണ്. പാതിതകർന്ന പാലത്തിന്റെ കൈവരികൾ എം.എൽ.എ യുടെ ഇടപെടലിൽ ലക്ഷങ്ങൾ മുടക്കി പുനർനിർമിച്ചതിനു തൊട്ടുപിന്നാലെയാണ് വീണ്ടും വെള്ളപ്പൊക്കത്തിൽ കൈവരിയും ടാറിങ്ങും നഷ്ടമായത്. എന്നാൽ, കൈവരിക്ക് ദ്രുതഗതിയിൽ ഫണ്ട് അനുവദിച്ചെങ്കിലും റോഡിനെ പരിഗണിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.