കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ സി.പി.എമ്മിനോ, എല്‍.ഡി.എഫിനോ കഴിഞ്ഞിട്ടില്ല. 15ൽ ഏഴ് സീറ്റിലാണ് എല്‍.ഡി.എഫ് മത്സരിക്കുന്നത്. സി.പി.ഐ മൂന്നും കേരള കോണ്‍ഗ്രസ്, സി.പി.എം എന്നിവര്‍ രണ്ടുവീതം സീറ്റിലും മത്സരിക്കുന്നു
മുണ്ടക്കയം: ഡിസംബര്‍ മൂന്നിന് നടക്കുന്ന മുണ്ടക്കയം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കല്‍ സമയം കഴിഞ്ഞിട്ടും സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാനാവാതെ കുഴഞ്ഞ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസിന്റെ കുത്തകയായ മുണ്ടക്കയം സഹകരണ ബാങ്കിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാവാതെ പുലിവാലുപിടിച്ചത്. കൂട്ടിക്കല്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനാവാത്തതാണ് ഇപ്പോഴത്തെ തലവേദന. മുണ്ടക്കയം, കൂട്ടിക്കല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ബാങ്ക് പരിധി. ഇവിടെ ഇതുവരെ മറ്റാരും വിജയിച്ചിട്ടില്ല.
അന്തരിച്ച മുന്‍ എം.എല്‍.എ കെ.വി. കുര്യനായിരുന്നു കാലങ്ങളോളം പ്രസിഡന്റ്. അദ്ദേഹത്തിന്റെ മരണശേഷം നടന്ന തെരഞ്ഞെടുപ്പിലും വിജയം യു.ഡി.എഫിനായിരുന്നു.
ഇക്കുറി സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയതോടെയാണ് കോണ്‍ഗ്രസില്‍ മുറുമുറുപ്പ് തുടങ്ങിയത്. 30 വര്‍ഷമായി മെംബര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ മാറിനിന്നും പുതുതലമുറക്ക് അവസരം നല്കാന് കോണ്‍ഗ്രസ് കൂട്ടിക്കല്‍ മണ്ഡലം കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനമെടുക്കുകയായിരുന്നു.
നേരത്തേ കെ.എന്‍. വിനോദ് മത്സരിക്കാന്‍ താൽപര്യമില്ലന്നു നേതൃത്വത്തെ അറിയിച്ചു. ബോര്‍ഡ് മെംബര്‍മാരും മുന്‍ മണ്ഡലം പ്രസിഡന്റുമാരുമായ അന്‍സാരി മഠത്തില്‍, വി.എം. ജോസഫ് എന്നിവരും തീരുമാനത്തിനു ഒപ്പംനിന്നു. യുവാക്കളായ നെബിന്‍ കാരയ്ക്കാട്ട്, രഞ്ജിത് ഹരിദാസ്, അബ്ദു ആലസംപാട്ടില്‍ എന്നിവരെ സ്ഥാനാര്‍ഥികളാക്കാനും തീരുമാനിച്ചു. ഇവര്‍ പത്രിക സമര്‍പ്പണവും നടത്തി.
ഇതിനിടയില്‍ അന്‍സാരി മഠത്തിലും വി.എം. ജോസഫും പത്രിക സമര്‍പ്പിച്ചെങ്കിലും വി.എം. ജോസഫ് പിന്‍വലിച്ചു. എന്നാല്‍, അന്‍സാരി സീറ്റിന് അവകാശവാദം ഉന്നയിച്ച് വീണ്ടും രംഗത്തുവന്നതാണ് പുതിയ തലവേദന. ശനിയാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസം.
കൂട്ടിക്കലില്നിന്നുള്ള പുതിയ സ്ഥാനാര്‍ഥികളും പത്രിക പിന്വലിക്കാത്തതോടെ ആരെ ഔദ്യോഗിക സ്ഥാനാര്ഥികളാക്കുമെന്നതാണ് നേതൃത്വത്തെ വെട്ടിലാക്കിയത്. കൂട്ടിക്കല്‍ മണ്ഡലം കമ്മിറ്റിയുടെ ഐകകണ്ഠ്യേനയുള്ള തീരുമാനം തള്ളിയാല്‍ അവിടത്തെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും.
മറിച്ച് അന്‍സാരിയെ ഒഴിവാക്കിയാല്‍ സീനിയര്‍ അംഗത്തെ ഒഴിവാക്കിയെന്ന ദുഷ്പേര് കിട്ടുമെന്നും നേതൃത്വം വിലയിരുത്തുന്നു. എന്നാല്‍, അവര്‍കൂടി പങ്കെടുത്ത യോഗത്തിന്റെ തീരുമാനമാണെന്നും പിന്നീട് അന്‍സാരി സ്ഥാനാര്‍ഥിയായത് അംഗീകരിക്കാനാവില്ലെന്നും കൂട്ടിക്കലിലെ നേതൃത്വം പറയുന്നു. മണ്ഡലം കമ്മിറ്റി തീരുമാനം നടപ്പാക്കണമെന്നാണ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നിലപാടും.
എന്നാല്‍, മുണ്ടക്കയം പഞ്ചായത്തിലെ ചില നേതാക്കളുടെ വാശിയാണ് അന്‍സാരി പത്രിക സമര്‍പ്പിക്കാന്‍ ഇടയാക്കിയതെന്നു ചിലർ പറയുന്നു. ഡിസംബര്‍ 12ന് കൂട്ടിക്കലില്‍ ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ മണ്ഡലം നേതൃത്വത്തെ പിണക്കിയാല്‍ ഉപതെരഞ്ഞെടെുപ്പു പ്രചാരണം താളംതെറ്റുമെന്നതും ആശങ്കക്ക് ഇടയാക്കുന്നു.
മുണ്ടക്കയം പഞ്ചായത്തിലും സ്ഥാനാര്‍ഥിത്വം കിട്ടാത്തതില്‍ ബ്ലോക്ക് ഭാരവാഹി ഫസലുല്‍ഹക്ക് വിമതനായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നിക്ഷേപമണ്ഡലത്തില്‍ ബാങ്ക് പ്രസിഡന്റ് റോയ് മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍, കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ സി.പി.എമ്മിനോ, എല്‍.ഡി.എഫിനോ കഴിഞ്ഞിട്ടില്ല. 15ൽ ഏഴ് സീറ്റിലാണ് എല്‍.ഡി.എഫ് മത്സരിക്കുന്നത്. സി.പി.ഐ മൂന്നും കേരള കോണ്‍ഗ്രസ്, സി.പി.എം എന്നിവര്‍ രണ്ടുവീതം സീറ്റിലും മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.