മുണ്ടക്കയം: ഇരുട്ടുനിറഞ്ഞ് മുണ്ടക്കയം ബൈപ്പാസ്. മുണ്ടക്കയം ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം തേടി വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മുണ്ടക്കയം ബൈപ്പാസ് യാഥാർഥ്യമായത്. പൊതുജനങ്ങൾക്കായി സമാന്തരപാത തുറന്നുകൊടുത്ത് വർഷങ്ങൾ പിന്നിട്ടെങ്കിലും രാത്രികാലങ്ങളിൽ വഴിവിളക്കുകളുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
സമാന്തരപാത ആരംഭിക്കുന്ന കോസ്വേ ജംഗ്ഷന് സമീപം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ നിർമ്മിച്ചിരിക്കുന്ന വിശ്രമ കേന്ദ്രത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് മാത്രമാണ് ഏക ആശ്വാസം. രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് വെളിച്ചമുള്ളതുകൊണ്ട് പല യുവജന സംഘടനകളുടെയും നേതൃത്വത്തിൽ വടംവലി പോലുള്ള കായിക പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്.
സായാഹ്ന സവാരിക്കും വിശ്രമത്തിനുമായി നിരവധി പേരാണ് മുണ്ടക്കയം ബൈപ്പാസിലെത്തുന്നത്. എന്നാൽ വിശ്രമ കേന്ദ്രം കഴിഞ്ഞ് മുന്നോട്ട് നീങ്ങുന്ന ഭാഗത്ത് വെളിച്ചത്തിന് യാതൊരു സംവിധാനവുമില്ല. ഈ പ്രദേശം രാത്രികാലങ്ങളിൽ പൂർണമായും അന്ധകാരത്തിൽ മുങ്ങും. ഇവിടെ സാമൂഹികവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. മദ്യവും ലഹരി ഉപയോഗിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പലരും തിരഞ്ഞെടുക്കുന്നതും ഈ പ്രദേശമാണ്. കൂടാതെ രാത്രികാലങ്ങളിൽ മേഖലയിൽ തെരുവുനായ ശല്യവും രൂക്ഷമാണ്. രാത്രിയിൽ വഴിവിളക്കുകൾ തെളിയിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വെളിച്ചമുണ്ടെങ്കിൽ രാത്രിയിൽ വിശ്രമത്തിനും മറ്റുമായി നാട്ടുകാർക്ക് ഇവിടെ സമയം ചെലവഴിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.