മുണ്ടക്കയം: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ടി.ആര്‍ ആൻഡ് ടി എസ്റ്റേറ്റിലെ മാട്ടുപ്പെട്ടി എല്‍.പി സ്‌കൂള്‍ ഇക്കുറി തുറക്കില്ല. ആകെ ഉണ്ടായിരുന്ന പ്രധാന അധ്യാപികകൂടി വിരമിച്ചതോടെ പഠിപ്പിക്കാന്‍ അധ്യാപകര്‍ ഇല്ലാതാവുകയായിരുന്നു. ഇതേതുടര്‍ന്ന് കുട്ടികളെല്ലാം ടി.സി വാങ്ങി മറ്റ് സ്‌കൂളുകളിലേക്ക് പോയി. ഇതോടെ 70 വര്‍ഷം ആയിരക്കണക്കിന് വിദ്യാർഥികള്‍ക്ക് അക്ഷരം പകര്‍ന്ന വിദ്യാഭ്യാസ സ്ഥാപനത്തിെൻറ പ്രവർത്തനം നിലച്ചു.
1951ലാണ് എസ്റ്റേറ്റിലെ ജോലിക്കാരുടെ കുട്ടികള്‍ക്കായി മാനേജ്മെൻറ് എല്‍.പി സ്കൂൾ തുറന്നത്. പിന്നീട് സര്‍ക്കാര്‍ സഹായത്തോടെ നൂറുകണക്കിന് വിദ്യാർഥികളും ആവശ്യത്തിന് അധ്യാപകരുമായി സ്‌കൂള്‍ വിജയകരമായി മുന്നോട്ടുപോയി.
കൂടുതല്‍ സൗകര്യങ്ങളോടെ ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിസര ടൗണുകളില്‍ വന്നതോടെ ഇവിടെ വിദ്യാർഥികൾ കുറഞ്ഞു. അധ്യാപകരുടെ എണ്ണംകൂടി കുറഞ്ഞതോടെ ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കാമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഏഴുവര്‍ഷമായി രണ്ടുപേരെ ദിവസ വേതനത്തിന് നിയമിച്ചെങ്കിലും അവര്‍ക്ക് ശമ്പളം നല്‍കിയത് പ്രധാന അധ്യാപികയുടെ ശമ്പളത്തില്‍നിന്നാണ്. അധ്യാപകരെ നിയമിക്കാനുള്ള അവകാശം മാനേജ്മെൻറിനാെണന്നിരിക്കെ തോട്ടം തൊഴിലാളികളുടെ തന്നെ മക്കളെ നിയമിക്കാന്‍ മാനേജ്മെൻറ് തയാറാവുകയും ഇതിന് അഞ്ചുലക്ഷവും മൂന്നുലക്ഷവും സംഭാവന വാങ്ങുകയും ചെയ്തു. സ്ഥിരനിയമനം കാട്ടിയാണ് സംഭാവന വാങ്ങിയത്.
കഴിഞ്ഞ ഏഴുവര്‍ഷം ജോലി ചെയ്ത അധ്യാപികമാര്‍ക്ക് ഒരു രൂപപോലും ശമ്പളം നല്‍കാന്‍ സര്‍ക്കാർ തയാറായില്ല. ഇതിനെതിരെ നിരവധി പരാതികൾ നല്‍കിയെങ്കിലും ശമ്പളവുമില്ല വാങ്ങിയ സംഭാവനയുമില്ലെന്ന സ്ഥിതിയായി.2019ല്‍ 42 വിദ്യാർഥികള്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലുണ്ടായിരുന്നു. 2020 ആയപ്പോള്‍ 29 ആയി ചുരുങ്ങി. നാല് ക്ലാസിന് ഒരു അധ്യാപിക എന്നതായി നില. കഴിഞ്ഞ കുറേനാളായി പീരുമേട്ടിലും ഇടുക്കിയിലും വിദ്യാഭ്യാസ വകുപ്പ് യോഗങ്ങള്‍ വിളിക്കുമ്പോള്‍ പ്രധാന അധ്യാപിക അങ്ങോട്ടുപോവും.
തുടർന്ന് പാചകത്തൊഴിലാളി സ്‌കൂള്‍ നോക്കേണ്ട ഗതികേടിലായിരുന്നു. കഴിഞ്ഞവര്‍ഷം തന്നെ മിക്ക കുട്ടികളും ടി.സി വാങ്ങി. ഈ വര്‍ഷം പ്രധാന അധ്യാപിക വിരമിക്കുന്നു എന്നറിഞ്ഞതോടെ ബാക്കി ഉണ്ടായിരുന്ന 14 പേര്‍ കൂടി ടി.സി വാങ്ങി. പ്രധാന അധ്യാപിക മുണ്ടക്കയം സ്വദേശിനി േമയ് 30ന് സര്‍വിസില്‍നിന്ന് വിരമിച്ചു. ഇതുവരെ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശമായിട്ടില്ല. ഒാഫിസ് ചുമതല പീരുമേട് എ.ഇ.ഒ ഓഫിസ് ഏറ്റെടുത്തതായി എ.ഇ.ഒയുടെ ചുമതലയുള്ള സൂപ്രണ്ട്് പി.സി. ഷീല 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.