മുണ്ടക്കയം: ശബരിമല ക്ഷേത്രത്തിലേക്കുള്ള പാരമ്പരാഗത തീർഥാടന പാതയിൽ മല അരയർ നടത്തിയ കാനനപാത പൂജ മല അരയ മഹാസഭ നേതൃത്വത്തിൽ പുനരാരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പേരൂർതോട് കോയിക്കൽക്കാവിൽനിന്ന് തുടങ്ങി കാളകെട്ടി-അഴുത- കല്ലിടുംകുന്ന്-ഇഞ്ചിപ്പാറ വഴി മുക്കുഴിയിലെത്തി കടന്ന് പമ്പയിലെത്തുന്ന ശബരിമല പരമ്പരാഗത കാനന സമുദായം മുമ്പ് നടത്തിവന്ന പാതയിൽ ആചാരപരമായ പൂജയാണ് പുനരാരംഭിക്കുന്നത്. 16 മലകൾക്കും നാളികേരം ഉടച്ച് വഴിപാടുകൾ സമർപ്പിച്ച് കോയിക്കക്കാവിൽവെച്ച് നടത്തുന്ന പൂജക്ക് സമുദായത്തിലെ പൂജാരിമാർ നേതൃത്വം നൽകും.
സഭയുടെ ആത്മീയ പ്രസ്ഥാനമായ ശ്രീഅയ്യപ്പ ധർമസംഘത്തിന്റെ നേതൃത്വത്തിൽ എരുമേലിക്കടുത്ത് കാനനപാത ആരംഭിക്കുന്ന കോയിക്കക്കാവിൽ ശനിയാഴ്ച വിപുലമായ രീതിയിൽ നടത്തുന്ന കാനനപാത പൂജക്ക് മല അരയ സമുദായത്തിൽനിന്നുള്ള ആത്മീയ നേതാക്കൾ നേതൃത്വം നൽകും. വർഷങ്ങൾക്കുശേഷമാണ് മല അരയർ കാനനപാത പൂജ പുനരാരംഭിക്കുന്നത്.
ചടങ്ങിൽ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് എം.കെ. സജി, ജനറൽ സെക്രട്ടറി പി.കെ. സജീവ്, വൈസ് പ്രസിഡന്റ് ഷൈലജ നാരായണൻ, സെക്രട്ടറി സനൽ കാവനാൽ, ശ്രീഅയ്യപ്പ ധർമ സംഘം പ്രസിഡന്റ് മധുസൂദനൻ, വിവിധ സാമൂഹിക സംഘടന നേതാക്കൾ, സാമുദായിക നേതാക്കൾ, സഭയുടെ പോഷക സംഘടന ഭാരവാഹികൾ, സഭാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ മല അരയ മഹാസഭ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ജി. ഹരീഷ് കുമാർ, യുവജന സംഘടന സംസ്ഥാന ട്രഷറർ സ്വാതി കെ. ശിവൻ, വനിത സംഘടന വൈസ് പ്രസിഡന്റ് ദിവ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.