മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം ടി.ആർ ആൻഡ് ടി എസ്റ്റേറ്റിൽ റബർ ടാപ്പിങ് നിർത്തിയതോടെ മേഖലകളിൽ കാടുകയറി വനമായി മാറി. ഇതോടെ വന്യമൃഗശല്യം രൂക്ഷമായി. വർഷങ്ങളായി ദേശീയപാതയിൽ 35ാം മൈൽ മുതൽ 36ാം മൈൽ വരെയുള്ള മേഖലയിലെ തോട്ടത്തിലെ റബർ ടാപ്പിങ് നിർത്തിയിട്ട്. കാട്ടുപന്നിയും കുറുക്കനും മറ്റ് ഇഴജന്തുക്കളും നിറഞ്ഞു.
പകലെന്നോ, രാത്രിയെന്നോ ഇല്ലാതെയാണ് ദേശീയപാത കടന്ന് പന്നിയും കുറുക്കനും പെരുമ്പാമ്പുകളും എത്തുന്നത്. മരുതുംമൂട്, 36ാം മൈൽ മേഖലയിലെ ജനങ്ങൾ ഭീതിയോടെയാണ് വീടിന് പുറത്തിറങ്ങുന്നത്. രാത്രി റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങളിൽ ഇടിച്ച് വാഹനാപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. റബർതോട്ടത്തിലെ കാട്ടുപയർ ഉൾപ്പെടെ വള്ളിപ്പടർപ്പുകൾ ദേശീയ പാതയിലേക്ക് വളർന്നുകയറിയതോടെ കാൽനടക്കാർ പാതയിലേക്ക് ഇറങ്ങിനടക്കേണ്ട സാഹചര്യമാണ്. സ്കൂൾ തുറക്കുന്നതോടെ നിരവധി വിദ്യാർഥികൾക്കും ഭീഷണിയാകും.
കാട് റോഡിലേക്ക് ഇറങ്ങിനിൽക്കുന്നത് വൻ അപകടസാധ്യതയാണ് ഉളവാക്കുന്നത്. എസ്റ്റേറ്റിൽനിന്ന് കാട്ടുപയർ വള്ളികൾ ദേശീയ പാതയിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനുകളിൽ കയറി മേഖലയിൽ വൈദ്യുതി തടസ്സവും ഉണ്ടാകുന്നു. എസ്റ്റേറ്റിലെ ഉടമ റബർ പ്ലാന്റിങ് ഉപേക്ഷിച്ച മേഖലയിലാണ് മാസങ്ങളോം കാട്ടാനകൾ തമ്പടിച്ച് ജനവാസ മേഖലയിൽ നാശംവിതച്ചുകൊണ്ടിരുന്നത്. സ്വകാര്യ തോട്ടമുടമയുടെ നിരുത്തരവാദിത്ത നടപടിക്കെതിരെ അധികാരികളുടെ മൗനം തോട്ടം തൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.