മുണ്ടക്കയം: പമ്പ, സന്നിധാനം എന്നിവിടങ്ങളിൽനിന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയ പന്നികളെ കോരുത്തോട് പഞ്ചായത്തിന്റെ മൈനാക്കുളം, ചെന്നാപ്പാറ ഭാഗങ്ങളിലെ ജനവാസമേഖലയിൽ ഇറക്കിവിട്ട സംഭവത്തിൽ പ്രതിഷേധിച്ച് കോരുത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പമ്പ റേഞ്ച് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ സി.കെ. മോഹനൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ. സുധീർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വർഷങ്ങളായി കോരുത്തോട് പഞ്ചായത്തിന്റെ വനാതിർത്തിയോട് ചേർന്ന കൃഷിയിടങ്ങൾ ആന, പുലി, കടുവ, കാട്ടുപോത്ത് തുടങ്ങി മൃഗങ്ങളുടെയും കുരങ്ങ്, വേഴാമ്പൽ തുടങ്ങിയ ജീവികളുടെയും ശല്യം രൂക്ഷമാണ്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ഒക്ടോബറിൽ വനംവകുപ്പ് നേതൃത്വത്തിൽ പമ്പയിൽനിന്ന് പിടികൂടിയ നൂറുകണക്കിന് കാട്ടുപന്നികളെ കോരുത്തോട് പഞ്ചായത്തിന്റെ ജനവാസ മേഖലയിൽ ഇറക്കിവിട്ടത്.
പരിപാടി സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്യും. പന്നികളെ ജനവാസമേഖലയിൽ ഇറക്കിവിട്ട സംഭവത്തിൽ ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി ഉണ്ടാകണമെന്നും നിയമവിരുദ്ധ നടപടി മൂലം നാശനഷ്ടം സംഭവിച്ച കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വന്യമൃഗങ്ങളുടെ ശല്യത്തിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ് കോരുത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴിന് രാവിലെ 10ന് പമ്പ വനംവകുപ്പ് റേഞ്ച് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തുന്നതെന്നും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.എൻ. പീതാംബരൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.ബി. രാജൻ, കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് ജോയ് പുരയിടം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.