മുണ്ടക്കയം: കോരുത്തോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മൂന്നുണ്ടെങ്കിലും ചികിത്സ കിട്ടാതെ രോഗികള്‍ വലയുന്നു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് മിക്കപ്പോഴും ചികിത്സകിട്ടാതെ രോഗികള്‍ മടങ്ങുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
എല്ലാ സൗകര്യങ്ങളുമുള്ള ഇവിടെ മൂന്നു ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഉണ്ട്. രാവിലെ മുതല്‍ ഉച്ചവരെ ജനറല്‍ ഒ.പിയില്‍ രണ്ടുപേരും സായാഹ്ന ഒ.പിയില്‍ ഒരു ഡോക്ടറുടെയും സേവനമാണ് ഉള്ളത്. എന്നാല്‍, രാവിലെ ഒ.പിയിലെത്തുന്ന രോഗികളാണ് ചികിത്സകിട്ടാതെ വലയുന്നത്. രണ്ടുപേരെയാണ് ഡ്യൂട്ടിയില്‍ അനുവദിച്ചിരിക്കുന്നതെങ്കിലും ഒരാള്‍ മാത്രമാണ് രോഗികളെ പരിശോധിക്കാനുണ്ടാവുക.
ആശുപത്രിയില്‍ മറ്റൊരു ഡോക്ടര്‍ ഉണ്ടെങ്കിലും പരിശോധനക്ക് എത്താറില്ലെന്ന് രോഗികള്‍ പരാതിപ്പെടുന്നു. ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫിസറായതിനാല്‍ മറ്റു ജോലികളിലാണെന്നാണ് മറുപടി.
കഴിഞ്ഞ ദിവസം ഒ.പിയില്‍ 150ഓളം രോഗികള്‍ എത്തിയെങ്കിലും ഒരു ഡോക്ടര്‍ മാത്രമാണുണ്ടായത്. ക്യൂവില്‍ നിന്നുമടുത്ത പ്രായമായ ചില രോഗികള്‍ അവശതയിലായ അവസ്ഥയിലായിട്ടും സ്ഥലത്തുള്ള ഡോക്ടര്‍ രോഗികളെ കാണാന്‍ തയാറാകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കി. രോഗികളുടെ തിരക്കുവര്‍ധിച്ചതോടെ ചിലര്‍ ഗ്രാമപഞ്ചായത്തിനെ അറിയിച്ചത് പ്രകാരം പ്രസിഡന്റ് സ്ഥലത്തെത്തി മെഡിക്കല്‍ ഓഫിസറെകണ്ട് വിവരം ആരാഞ്ഞെങ്കിലും ഇന്‍സുലീന്‍ സ്റ്റോക്ക് പരിശോധിക്കേണ്ടതിനാല്‍ ഇപ്പോള്‍ രോഗികളെ കാണാന്‍ കഴിയില്ലെന്ന മറുപടിയാണുണ്ടായത്.
ഇടുക്കിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരടക്കം നൂറുകണക്കിനുരോഗികളാണ് ഇവിടെ നിത്യേന ചികിത്സ തേടിയെത്തുന്നത്. കൂടാതെ പഞ്ചായത്തുപരിധിയിലെ വീടുകളില്‍ 126 ഓളം കിടപ്പുരോഗികളുണ്ട്. ഇവര്‍ക്ക് ദൈനംദിന ചികിത്സ നല്‍കേണ്ട പാലിയേറ്റിവ് കെയര്‍ യൂനിറ്റും ആംബലുന്സുണ്ടെങ്കിലും ഇന്ധനം ഇല്ലെന്ന പേരില്‍ വാഹനം ഷെഡിലാണ്. ഡ്യൂട്ടി നഴ്സ് ഓട്ടോ ടാക്സി വിളിച്ച് പോയി ചികിത്സ നല്‍കുകയാണ്. എന്നാല്‍, കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ഡയപ്പര്‍ പോലും മാസങ്ങളായി നല്‍കുന്നില്ല. ഇതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും അത് അധികാരികളുടെ അനാസ്ഥമൂലം നടപ്പിലാക്കാത്തതിനാൽ രോഗികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.