മുണ്ടക്കയം: കര്‍ഷക ഓപണ്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടുവര്‍ഷം. സംസ്ഥാനത്തെ ആദ്യകര്ഷക ഓപണ്‍ മാര്‍ക്കറ്റ് എന്ന ഖ്യാതി നേടിയ ഈ മാര്‍ക്കറ്റ് നിശ്ചലമായത് മേഖലയിലെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇരുട്ടടിയായി. പരീക്ഷണാർഥത്തില്‍ 2009ലാണ് മാര്‍ക്കറ്റ് തുടങ്ങിയത്.
പഞ്ചായത്ത് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നല്‍കിയതോടെ കര്‍ഷകരുടെ കൂട്ടായ്മ വളര്‍ന്നു. മേഖലയിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനും മായമില്ലാത്ത ഉല്പന്നങ്ങള് സാധാരണക്കാര്‍ക്ക് ലഭിക്കാനും ഓപണ്‍ മാര്‍ക്കറ്റ് സഹായകരമായിരുന്നു. കര്‍ഷകരില്‍നിന്ന് 10 രൂപ കൂട്ടിയെടുക്കുന്ന ഉൽപന്നങ്ങൾ 10 രൂപ കുറച്ചാണ് നല്‍കിയിരുന്നത്. കൃഷി വകുപ്പ് പിന്തുണയോടെ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവര്‍ത്തനം. ജില്ല പഞ്ചായത്ത് വാഹനം ലഭ്യമാക്കിയതും സഹായകരമായി. കാര്‍ഷിക മേഖലയില്‍നിന്ന് ഉല്പന്നങ്ങള് നേരിട്ട് എത്തി ശേഖരിച്ചത് കര്‍ഷകര്‍ക്ക് ഉപകാരപ്രദമായി. മുണ്ടക്കയം മാര്‍ക്കറ്റിനെ മാതൃകയാക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ കര്‍ഷക മാര്‍ക്കറ്റുകള്‍ പിറക്കുകയും ചെയ്തു. ഓണമടക്കം വിശേഷദിവസങ്ങളില്‍ കര്‍ഷക മാര്‍ക്കറ്റില്‍ ഉപഭോക്താക്കളുടെ നീണ്ടനിര തന്നെയായിരുന്നു. ഇതിനിടയാണ് മാര്‍ക്കറ്റിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി മാർക്കറ്റിനെ സാരമായി ബാധിച്ചു. നാടിന്റെ വിവിധ മേഖലകളിലെ നിരവധി വ്യാപാരികൾ ഇവരുടെ പ്രധാന ഉപഭോക്താക്കളായിരുന്നു. എന്നാല്‍, കോവിഡ്കാലത്ത് വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞതോടെ വ്യാപാരികളില്‍നിന്ന് ലഭിക്കാനുളള ലക്ഷക്കണക്കിനു രൂപ കിട്ടാതെ പോയി. ഉപഭോക്താക്കള്‍ക്ക് പണം നല്കാൻ കഴിയാതെ വന്നതോടെ ഇതിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇത് പിന്നീട് മാര്‍ക്കറ്റിന്റെ പൂട്ട് വീഴലിലാണ് അവസാനിച്ചത്.
മാര്‍ക്കറ്റിനായി അനുവദിച്ച വാഹനം കൂട്ടിക്കല്‍ കൃഷിഭവന് കൈമാറി. മാര്‍ക്കറ്റ് കെട്ടിടം സാമൂഹിക വിരുദ്ധര്‍ കൈയേറി. ഓണക്കാലത്ത് മാര്‍ക്കറ്റില്‍ കുതിച്ചുയരുന്ന പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ ഈ കര്‍ഷക ഓപണ്‍ മാര്‍ക്കറ്റ് സഹായിച്ചിരുന്നു.
മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ വില്ക്കാന് സൗകര്യമില്ലാത്തത് മൂലം പല കര്‍ഷകരും ജൈവകൃഷി പൂര്‍ണമായി ഉപേക്ഷിച്ചിരിക്കുകയാണ്. ഹരിതകർമ സേന സമാഹരിക്കുന്ന മാലിന്യം നിക്ഷേപിക്കാനും സ്വകാര്യ കാര്‍ പാര്‍ക്കിങ് മേഖലയായും ഇന്നു മാര്‍ക്കറ്റ് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.