മുണ്ടക്കയം ഈസ്റ്റ്: ടി.ആര് ആൻഡ് ടി തോട്ടത്തില്‍ പട്ടാപ്പകല്‍ വീണ്ടും കാട്ടാന ശല്യം. റബര്‍ മരങ്ങള്‍ തകര്‍ത്തു. പെരുവന്താനം പഞ്ചായത്തിലെ ടി.ആര് ആൻഡ് ടി തോട്ടത്തിലെ ചെന്നാപ്പാറ ഡിവിഷനിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. തോട്ടത്തിലെ നിരവധി റബര്‍ മരങ്ങളുടെ തൊലി കളഞ്ഞ നിലയിലാണ്. പുലര്‍ച്ച എത്തിയ 18ഓളം കാട്ടാനകള്‍ റബര്‍ തോട്ടത്തില്‍ നാശം വിതക്കുകയായിരുന്നു. രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. തൊഴിലാളികള്‍ ബഹളംവെച്ചെങ്കിലും കാട്ടാനകൾ പോകാന്‍ തയാറായില്ല. മണിക്കൂറുകള്‍ക്കു ശേഷം പാട്ടകൊട്ടിയും ബഹളംവെച്ചുമാണ് ഇവയെ മാറ്റിയത്. ഇതിനിടെ തൊഴിലാളികള്‍ക്ക് നേരെയും കാട്ടാനകള്‍ പാഞ്ഞടുത്തു. സ്ത്രീകളടക്കം തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കൊമ്പന്മാരടക്കം 16 ആനകളും രണ്ടു കുട്ടിയാനയും ഉണ്ടായിരുന്നു. അറുപതോളം റബര്‍ മരങ്ങളാണ് ചെന്നാപ്പാറ താഴെ ഭാഗത്ത് കാട്ടാനകള്‍ നശിപ്പിച്ചത്. ചെന്നാപ്പാറ താഴെ ഭാഗത്തുനിന്നു നടന്നു നീങ്ങിയ കൂട്ടം രാത്രി വൈകിയും ചെന്നാപ്പാറ ടോപ് ഭാഗത്ത് ബി ഡിവിഷനിലെ ഐ.പി ഫീല്‍ഡില്‍ തമ്പടിച്ചിരിക്കുകയാണ്. ഏതുസമയവും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാന്‍ സാധ്യത ഏറെയാണ്. മേഖലയില്‍ കാട്ടാന കൂട്ടമിറങ്ങുന്നത് പുതിയ സംഭവമല്ല. തോട്ടത്തില്‍ മണിക്കല്‍ മുതല്‍ മതമ്പ വരെ നിരവധി തവണ കാട്ടാന ശല്യം ഉണ്ടായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഒറ്റപ്പെട്ട വരവായിരുന്നുവെങ്കില് ഇപ്പോള്‍ കൂട്ടത്തോടെയാണ് എത്തുന്നത്. ആനക്കൂട്ടം ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. സ്കൂള്‍ കുട്ടികളടക്കമുള്ളവര്‍ യാത്ര ഒഴിവാക്കിയിരുന്നു. എസ്റ്റേറ്റിലെ സ്കൂള്‍ ആഴ്ചകളോളം അടച്ചിടുകയും ചെയ്തിട്ടുണ്ട്.
ചെന്നാപ്പാറ: നാലുവര്‍ഷമായി മേഖലയില്‍ കാട്ടാന, കടുവ, പുലി, കുരങ്ങ് എന്നിവയുടെ ശല്യം രൂക്ഷമായതോടെയാണ് വൈദ്യുതി വേലി എന്ന ആശയം ഉയർന്നത്.
സ്ഥലത്തെത്തിയ വാഴൂര്‍ സോമന് എം.എല്‍.എ അക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. ഉടന്‍ വൈദ്യുതി വേലി സ്ഥാപിക്കുമെന്നു പറഞ്ഞെങ്കിലും വര്‍ഷം രണ്ട് പിന്നിട്ടിട്ടും പ്രാഥമിക നടപടിപോലും ആയിട്ടില്ല.
മുണ്ടക്കയം ഈസ്റ്റ്: ഇടുക്കി ജില്ലയിലെ വന്യമൃഗങ്ങളെ തുരത്താന്‍ കോട്ടയം ജില്ലയിലെ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ വിളിക്കേണ്ട ഗതികേടാണന്ന് വാഴൂര്‍ സോമന് എം.എല്‍.എ പറഞ്ഞു. വിസ്തൃതി ഏറിയ പ്രദേശത്ത് വന്യമൃഗങ്ങളെത്തുമ്പോള്‍ അടിയന്തര സഹായത്തിനു എരുമേലി ഫോറസ്റ്റ് ഓഫിസറെ വിളിക്കേണ്ടി വരുന്നത് മാറിയേ പറ്റൂ. അടിയന്തരമായി പീരുമേട്ടില്‍ റേഞ്ച് ഓഫിസ് അനുവദിക്കണം. വനം മുഴുവന്‍ പീരുമേട്ടിലും ഫോറസ്റ്റ് ഓഫിസ് കോട്ടയത്തുമാണ്. പെരുവന്താനം പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍ വൈദ്യുതി വേലികള്‍ അടിയന്തര പ്രാധാന്യം നല്കി നിര്‍മിക്കും. മഴ കഴിഞ്ഞാല്‍ നിര്‍മാണം ആരംഭിക്കും. ഇതിനായി രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടന്നും വനം-കൃഷി വകുപ്പുകളുടെ മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണമെന്നും എം.എല്‍.എ പറഞ്ഞു.
മുണ്ടക്കയം ഈസ്റ്റ്: ടി.ആര് ആൻഡ് ടി തോട്ടത്തിന്റെ അതിര്‍ത്തിയില്‍ വൈദ്യുതി വേലി നിര്‍മിക്കുമെന്ന വാഴൂര്‍ സോമൻ എം.എല്‍.എയുടെ പ്രഖ്യാപനം വാക്കുകളില്‍ ഒതുങ്ങിയെന്നു ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി ജോണ്‍ പി. തോമസ് ആരോപിച്ചു.
രണ്ടുവര്‍ഷം മുമ്പ് തോട്ടത്തിലെ മതമ്പയില്‍ കാട്ടാനക്കൂട്ടമിറങ്ങിയപ്പോള് സ്ഥലത്ത് എത്തിയ എം.എല്‍.എ രണ്ടുകോടി രൂപയുടെ വൈദ്യുതി വേലി പ്രഖ്യാപനം നടത്തി പോയതാണ്. ഇപ്പോള്‍ വീണ്ടും പ്രഖ്യാപനവുമായി എത്തുന്നത് തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്. വൈദ്യുതി വേലിക്കു പകരം കടലാസ് വേലി നിര്‍മിക്കുകയാണ് എം.എല്‍.എയെന്നും ജോണ്‍ പി. തോമസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.