മുണ്ടക്കയം: ഒന്നരമാസക്കാലമായി മുണ്ടക്കയം,എരുമേലി പഞ്ചായത്തുകളുടെ വനാതിർത്തി പ്രദേശങ്ങളിൽ ഭീതിവിതച്ച പുലി വലയിലായെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ ഇറങ്ങി സ്വൈരജീവിതം നഷ്ടപ്പെടുത്തുന്നു. വ്യാഴാഴ്ച രാത്രി കണ്ണിമലയിൽ കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തിലിറങ്ങിയത് ജനങ്ങൾക്ക് ഭീഷണിയായി.
പുലിക്കുന്ന് ടോപ്പിൽ ചിറക്കൽ സുധന്റെ വീടിനോടു ചേർന്ന് കഴിഞ്ഞദിവസം വനംവകുപ്പ് ഒരുക്കിയ കെണിയിൽ കുടുങ്ങിയ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണിമല പള്ളിയുടെ ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയത്. മേഖലയിലെ കൃഷികളും നശിപ്പിച്ചു. കണ്ണിമല പുരയിടത്തിൽ ജോഷിയുടെ ഭാര്യ മഞ്ജുവും കുടുംബവും സഞ്ചരിച്ച കാറിന്റെ മുന്നിലൂടെയാണ് കുട്ടിയാന ഉൾപ്പെടെ ആനക്കൂട്ടം റോഡ് മറികടന്നത്. തൊട്ടുമുന്നിൽ പെട്ടെന്ന് ആനക്കൂട്ടത്തെ കണ്ടതോടെ വാഹനം പിന്നോട്ട് എടുക്കാൻ പോലും കഴിയാതെ വിഷമിച്ചു. പിന്നീട് കാറിെന്റ ഹോണടിച്ചും ലൈറ്റ് തെളിയിച്ചുമാണ് ഇവർ സുരക്ഷിതരായത്.
വനാതിർത്തി പങ്കിടുന്ന പുലിക്കുന്ന്, കുളമാക്കൽ, കണ്ണിമല മേഖലയിൽ കാട്ടാനശല്യത്തിനു യാതൊരു പരിഹാരവുമില്ല. കഴിഞ്ഞ രണ്ടുമാസമായി മേഖലയിൽ ആനക്കൂട്ടം തമ്പടിച്ചു കൃഷി നശിപ്പിക്കുകയാണ്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയിലാണ് ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. എല്ലാ വന്യമൃഗങ്ങളും നാട്ടിൽ ഇറങ്ങിയതോടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
പൂഞ്ഞാർ-എരുമേലി സംസ്ഥാന പാതയോടു ചേർന്നുള്ള പുരയിടത്തിൽ വരെ കാട്ടാനയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞദിവസം രാത്രിയിലും കാട്ടാനക്കൂട്ടം കണ്ണിമല മേഖലയിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വനാതിർത്തി പങ്കിടുന്ന 30 കിലോമീറ്റർ ദൂരത്തിൽ വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങാതിരിക്കാൻ മതിയായ സംവിധാനം ഒരുക്കുമെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. സോളാർ വേലിയും കിടങ്ങുകൾ അടക്കമുള്ള സംവിധാനമാണ് ഒരുക്കുക. ഇതിനുള്ള പ്രാരംഭനടപടി ആരംഭിച്ചെന്നും ഇത്രയും വേഗത്തിൽ ഇതിനുള്ള ഫണ്ട് കണ്ടെത്തി നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.