പാലാ: എയർപോഡ് വിവാദത്തിൽ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാരുടെ പോര് വീണ്ടും മുറുകി. നഗരസഭ കൗൺസിൽ യോഗത്തിൽ ബുധനാഴ്ച നടന്നത് നാടകീയ സംഭവങ്ങൾ. എയർപോഡ് മോഷണംപോയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട സി.പി.എം കൗൺസിലർ ബിനു പുളിക്കക്കണ്ടം യോഗത്തിൽ പങ്കെടുത്തതിനെ തുടർന്ന് കേരള കോൺഗ്രസ് എം അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. ഇതിനിടെ കേസിൽ പ്രതിയായ ബിനു മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ഇതാണ് അറസ്റ്റ് വൈകുന്നതെന്നാണ് സൂചന. കൂടാതെ എയർപോഡ് സംബന്ധിച്ച് ആപ്പിൾ കമ്പനിയിൽനിന്ന് വിശദാംശങ്ങൾ ലഭിക്കേണ്ടതുമുണ്ട്. സംഭവം വിവാദമായതോടെ സി.പി.എം, കേരള കോൺഗ്രസ് എം ജില്ല നേതൃത്വം സംഭവം ഗൗരവമായി എടുത്തിരിക്കുകയാണ്. ഇരു പാർട്ടിയിലെയും ജില്ല നേതാക്കൾ ആശയവിനിമയം നടത്തി. സി.പി.എം പാലാ ഏരിയ നേതൃത്വവും സംഭവം ഗൗരവമായി വീക്ഷിക്കുന്നുണ്ട്.
കേസിൽ പ്രതിയായ ആൾ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ് എം അംഗങ്ങൾ. ബിനുവിന്റെ സാന്നിധ്യം അംഗങ്ങൾ ചോദ്യം ചെയ്തതോടെ യോഗം പിരിച്ചുവിടുന്നതായി ചെയർമാൻ അറിയിക്കുകയായിരുന്നു. എഫ്.ഐ.ആറിൽ പേര് ഉൾപ്പെട്ടയാൾ യോഗത്തിൽ പങ്കെടുക്കുന്നത് ഔചത്യമല്ലെന്ന് പരാതിക്കാരൻ കൂടിയായ ജോസ് ചീരാങ്കുഴിയാണ് ആദ്യം ഉന്നയിച്ചത്. തുടർന്ന് കേരള കോൺഗ്രസ് എമ്മിലെ അംഗങ്ങൾ പുറത്തുപോകുകയായിരുന്നു. യു.ഡി.എഫ് അംഗങ്ങളും എൽ.ഡി.എഫിലെ രണ്ട് വനിത അംഗങ്ങളും പുറത്തുപോയില്ല.
ബിനു കൗൺസിൽ ഹാളിൽ തുടർന്നു. എയർപോഡ് കേസിൽ ജോസ് ചീരാംകുഴി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. വിഷയത്തിൽ പ്രതിയായ ബിനുവിനൊപ്പം കൗൺസിൽ ചേരാനാകില്ലെന്നായിരുന്നു ചെയർമാന്റെയും നിലപാട്. ഉച്ചകഴിഞ്ഞ് രണ്ട് കൗൺസിലാണ് ചേരാനിരുന്നത്. രണ്ടാമത്തെ കൗൺസിലിലും കേരള കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചു. ഒപ്പിട്ട ശേഷം അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
മഴക്കാലപൂർവ ശുചീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ അജണ്ടയിലുണ്ടായിരുന്നു. രണ്ടാമതും കൗൺസിൽ ചേർന്നപ്പോൾ ബിനു പുളിക്കക്കണ്ടം ചെയർമാനെതിരെ കേസുള്ള കാര്യം ചൂണ്ടിക്കാട്ടി. നഗരസഭ സൂപ്പർവൈസറെ മർദിച്ചെന്ന പരാതിയിലാണ് മുമ്പ് കേസുണ്ടായിരുന്നത്. എന്നാൽ, കേസിൽ ജാമ്യം എടുത്താണ് താൻ കൗൺസിൽ ഹാളിലിരിക്കുന്നതെന്ന് ഷാജു തുരുത്തൻ പറഞ്ഞു. കള്ളക്കേസാണെന്നും രാഷ്ട്രീയ പ്രേരിതമാണ് കേസെന്നുമുള്ള നിലപാടിലാണ് ബിനു. എല്ലാ കൗൺസിൽ യോഗത്തിലും പങ്കെടുക്കുമെന്നും ബിനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.