ഏലപ്പാറയിൽനിന്നാണ് ഇയാൾ പിടിയിലായത്
പൊൻകുന്നം: കുന്നുംഭാഗത്ത് രണ്ടുദിവസങ്ങളിലായി മാലമോഷണവും ശ്രമവും നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി ഏലപ്പാറ കെ. ചപ്പാത്തിന് സമീപം ആലടികരയിൽ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം പാറശ്ശാല മുരിയങ്കര കൂവരകുവിള സജുവിനെയാണ് (37) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഏലപ്പാറയിൽനിന്നാണ് ഇയാൾ പിടിയിലായത്.
വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് റോഡിലൂടെ നടന്നുപോയ ഒരുസ്ത്രീയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കുവാൻ ശ്രമിച്ചിരുന്നു. പിറ്റേന്ന് രാവിലെ 9.30ന് അതേ സ്ഥലത്തുവെച്ച് വഴിയാത്രക്കാരിയുടെ കഴുത്തിൽനിന്ന് മൂന്നരപ്പവെൻറ രണ്ട് സ്വർണമാലകൾ പൊട്ടിച്ചെടുക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സി.സി ടി.വി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി കൂടുങ്ങിയത്. ഏലപ്പാറ ഭാഗത്ത് വാടകവീട്ടിലാണ് സജു താമസിച്ചിരുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് സജുവെന്ന് പൊലീസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാറിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. പൊൻകുന്നം സി.ഐ എം.എസ്. രാജീവ്, പ്രിൻസിപ്പൽ എസ്.ഐ ടി.ഡി. മനോജ്കുമാർ, എസ്.ഐമാരായ ബിജി ജോർജ്, റെജിലാൽ, ജഗദീഷ്, എ.എസ്.ഐമാരായ ബിനുകുമാർ, നാസർ, എസ്.സി.പി.ഒ ഷൈമ ബീഗം, സി.പി.ഒമാരായ ബി. അഭിലാഷ്, എൻ.വി. അനിൽകുമാർ, പി.എം. രവീന്ദ്രൻ, പ്രതാപചന്ദ്രൻ, റോബിൻ തോമസ്, എം.എ. നിസാം എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഇടുക്കി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരായ ജോഷി, മഹേഷ് എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
മേസ്തിരിപ്പണിക്കാരനായും പെയിൻറിങ് പണിക്കാരനായും വണ്ടിക്കച്ചവടക്കാരനായും മറ്റും ജോലിചെയ്യുന്നു എന്നാണ് അയൽവാസികളോട് പറഞ്ഞിരുന്നത്.
മോഷ്ടിച്ച സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും മറ്റും പണയംവെച്ച് ലഭിക്കുന്ന പണം ആർഭാടജീവിതം നയിക്കുവാനാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.