പൊൻകുന്നം: വ്യാഴാഴ്ച വൈകീട്ടത്തെ കനത്തമഴയിലും ശക്തമായ കാറ്റിലും ചിറക്കടവ്, തെക്കേത്തുകവല മേഖലകളിൽ കനത്ത നാശനഷ്ടം. കാറ്റിൽ വൻമരങ്ങൾ കടപുഴകിയാണ് നാശനഷ്ടം സംഭവിച്ചത്. പത്തോളം വീടുകള്‍ ഭാഗികമായി തകർന്നു. മുപ്പതോളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ബന്ധവും തകരാറിലായി. മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണും വൈദ്യുതിലൈനുകൾ പൊട്ടിവീണും ഗതാഗതവും തടസ്സപ്പെട്ടു.
തെക്കേത്തുകവല, പുളിമൂട്, കൊട്ടാടിക്കുന്ന്, പൊന്നക്കൽകുന്ന്, തള്ളക്കയം, മുങ്ങത്ര മേഖലകളിലാണ് കാറ്റ് നാശംവിതച്ചത്. തെക്കേത്തുകവല പുളിമൂട് ഭാഗത്താണ് ഏറെ നാശനഷ്ടം ഉണ്ടായത്. കാറ്റ് കൂടുതൽ ശക്തമായതും ഇവിടെയാണ്. ഇവിടെ മാത്രം ഒമ്പത് വീടുകളും 20 ഓളം വൈദ്യുതി പോസ്റ്റുകളും തകർന്നു. മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞ് വീണത് മൂലം ഗതാഗതം തടസ്സപ്പെട്ട് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയായിരുന്നു.
ചുക്കനാനിയില്‍ അജിത്ത് കുമാർ, മംഗലത്ത് വിജയമ്മ, മംഗലത്ത് അജി, പടിഞ്ഞാറയില്‍ വിനോദ്, ചുക്കനാനിയില്‍ അനില്‍കുമാര്‍, ചുക്കനാനിയില്‍ രാധാകൃഷ്ണന്, ചാഞ്ഞപ്ലാക്കല്‍ അജിത്ത് കുമാര്‍, കുമ്പളാനിക്കല്‍ ഷാജി, പുല്ലുപാലത്ത് തങ്കമ്മ, മലയ്ക്കല്‍ ശ്രീനിവാസന്, അമ്പാട്ടുകുന്നേല്‍ വനജകുമാരി എന്നിവരുടെ വീടുകള്‍ക്ക് മുകളിൽ മരം കടപുഴകി വീണു. ഈ വീടുകൾ ഭാഗികമായി തകർന്നു. മരംവീണ് ചുക്കനാലില്‍ അജിത്ത് കുമാർ, വട്ടുകളത്തിൽ അനീഷ് കുമാർ എന്നിവരുടെ വീട്ട് മുറ്റത്ത് കിടന്നിരുന്ന വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. വീടുകളിൽ കഴിഞ്ഞ പലരും ജീവൻ തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലാണ്. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തലെന്ന് വില്ലേജ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.