കോട്ടയം: പതാക, ത്രിപതാക, അർധപതാക, കർത്തരിമുഖ, മയൂര തുടങ്ങി ഭരതനാട്യത്തിന്റെ 52 ഹസ്തമുദ്രകളും രണ്ടര വയസ്സിൽ കാണാപ്പാഠം പഠിച്ചു ഞെട്ടിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ ചരിത്രം പൊന്നു എന്ന ധ്വനിക്ക് മാത്രം സ്വന്തം. മൂലേടം അന്തേരിൽ വീട്ടിൽ പ്രസീത-മുകേഷ് ദമ്പതികളുടെ ഇളയമകളാണ് ധ്വനി. 2024ലെ ഇന്റർനാഷനൽ കിഡ്സ് ഐക്കൺ അവാർഡ്, യങ് അച്ചീവേഴ്സ് ഒളിമ്പ്യാഡിലെ നാഷനൽ ലെവൽ മത്സരത്തിൽ സ്പെഷൽ ടാലന്റ് വിന്നർ തുടങ്ങി നിരവധി ബഹുമതികളും ധ്വനിയെ തേടിയെത്തി. ചില ചാനൽ പരിപാടികളുടെയും ഭാഗമായി. ഗായത്രിമന്ത്രം പോലുള്ള ശ്ലോകങ്ങളും ധ്വനി ചെറിയപ്രായത്തിൽ സ്വായത്തമാക്കി.
16 വർഷമായി മൂലേടം വിഘ്നേശ്വര നൃത്തവിദ്യാലയത്തിലെ അധ്യാപികയാണ് പ്രസീത. 150ഓളം കുട്ടികളെയാണ് പ്രസീത നൃത്തം അഭ്യസിപ്പിക്കുന്നത്. രണ്ടുമക്കളെയും നൃത്തലോകത്തേക്ക് കൈപിടിച്ചുനടത്താനും അവർ മറന്നില്ല. ആദ്യപടിയെന്നോണമാണ് മക്കളെ നൃത്തവിദ്യാലയത്തിലേക്ക് കൊണ്ടുവന്ന് തുടങ്ങിയത്. മൂത്തമകളെ അഭ്യസിപ്പിക്കുന്നതിനൊപ്പം കലയുടെ ആദ്യപാഠങ്ങൾ ധ്വനിയുടെ മനസ്സിലും പകരുകയായിരുന്നു. മറ്റ് കുട്ടികളെക്കാൾ വേഗത്തിൽ ധ്വനി മുദ്രകൾ ഹൃദിസ്ഥമാക്കി. ക്ലാസിനുശേഷം വീട്ടിലെത്തി കണ്ണാടിയുടെ മുന്നിൽ ഭരതനാട്യത്തിന്റെ ഹസ്തമുദ്രകളും പറയുകയും കാണിക്കുകയും ചെയ്തത് ഏവരെയും അത്ഭുതപ്പെടുത്തി. തുടർന്നാണ് ഇത് വിഡിയോയിൽ പകർത്തുന്നത്. നാട്യകലയിൽ ഗുരുവായ അമ്മയെപ്പോലും വിസ്മയിപ്പിച്ച ധ്വനി താൻ പിച്ചയുറക്കാത്ത പ്രായത്തിൽ നേടിയ പുരസ്കാരങ്ങളുടെ മൂല്യം അറിയാതെ മറ്റ് കുട്ടികൾക്കൊപ്പം ഇനിയും അംഗീകാരങ്ങൾ കൈയെത്തി പിടിക്കാനുള്ള ചുവടുവെപ്പിലാണ്. ഒ.എൽ.എക്സിലെ മാർക്കറ്റിങ് മാനേജരാണ് മുകേഷ്. മൂന്നാം ക്ലാസ് വിദ്യാർഥിയായ ദക്ഷയാണ് മൂത്തമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.