കോട്ടയം: കാലങ്ങളോളം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈവശംവെച്ച മണ്ഡലമാണ് പുതുപ്പള്ളി. അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായതും മണ്ഡലത്തിലെ വികസനം തന്നെ. കുടിവെള്ളവും തകർന്ന റോഡുകളുമാണ് പ്രധാന പ്രശ്നം. പ്രധാന റോഡുകൾ പലതും നന്നാക്കിയെങ്കിലും ഗ്രാമീണ റോഡുകളുടെ സ്ഥിതി പരമദയനീയമാണ്. മഴക്കാലത്ത് വെള്ളം കയറുന്നതിനാൽ റോഡുകൾ പെട്ടെന്നു തകരും. മീനടം പഞ്ചായത്തിലൊഴികെ ജൽജീവൻ പദ്ധതിയുടെ ഭാഗമായി റോഡുകൾ വെട്ടിപ്പൊളിച്ചത് ജനത്തെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. മോട്ടോറും ടാങ്കും സ്ഥാപിച്ച ശേഷം മാത്രം റോഡ് കുഴിച്ചാൽ മതിയെന്നാണ് മീനടം പഞ്ചായത്തിന്റെ നിലപാട്.
- 40 ശതമാനത്തോളം വീടുകളിൽ ശുദ്ധജലം ലഭ്യമല്ല. പൈപ്പ് എത്താത്ത സ്ഥലങ്ങളുമുണ്ട്.
- ജൽജീവൻ പദ്ധതിയിലാണ് ജനങ്ങളുടെ പ്രതീക്ഷ. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ പൈപ്പിടൽ അവസാനഘട്ടത്തിലാണ്
- പാമ്പാടിയിൽ മികച്ച സൗകര്യങ്ങളോടെ താലൂക്ക് ആശുപത്രിയും പഞ്ചായത്തുകളിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ഉണ്ടെങ്കിലും പലയിടത്തും കിടത്തിച്ചികിത്സയും അടിസ്ഥാനസൗകര്യവുമില്ല. ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവുണ്ട്
- വാകത്താനം അടക്കം ചിലയിടങ്ങളിൽ അനധികൃത മണ്ണെടുപ്പുണ്ട്. മാലിന്യം തള്ളലും വ്യാപകമാണ്. ആളൊഴിഞ്ഞ ഇടങ്ങളും നിരത്തുകളും മാലിന്യകേന്ദ്രങ്ങളാണ്
- റബർ, പച്ചക്കറി, നെല്ല്, കപ്പ, വാഴ തുടങ്ങിയവയാണ് പ്രധാന കൃഷി. റബറിന്റെ വിലയിടിവാണ് കർഷകർ നേരിടുന്ന വലിയ പ്രതിസന്ധി. ഇതിനൊരു പരിഹാരം വേണം. കനത്ത മഴയിൽ എല്ലാ വർഷവും വലിയ കൃഷിനാശമുണ്ടാകാറുണ്ട്
- മിനിസിവിൽ സ്റ്റേഷൻ ഇല്ല. വലിയൊരു പ്രദേശം ആയതിനാൽ പാമ്പാടിയിൽ മിനിസിവിൽ സ്റ്റേഷൻ സ്ഥാപിച്ചാൽ എല്ലായിടത്തുനിന്നുമുള്ള ജനങ്ങൾക്ക് പ്രയോജനകരമാകും
- വെള്ളപ്പൊക്ക ബാധിത പ്രദേശമാണ് മേഖല. മഴക്കാലത്ത് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാകും
- ടൂറിസം സാധ്യതകൾ ഏറെയുള്ള പ്രദേശങ്ങളുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ റാസ നടക്കുന്ന ക്രൈസ്തവ ദേവാലയമായ മണർകാട് സെന്റ് മേരീസ് പള്ളി ഈ മണ്ഡലത്തിലാണ്. പ്രസിദ്ധമായ എട്ടുനോമ്പ് തിരുനാളിന് സംസ്ഥാനത്തിനകത്തും അയൽസംസ്ഥാനങ്ങളിൽനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന തീർഥാടന കേന്ദ്രമാണിത്.
- ടൗണുകളുടെ വികസനം നടപ്പായിട്ടില്ല. പാമ്പാടി, അയർക്കുന്നം തുടങ്ങിയവയെല്ലാം ചെറിയ ടൗണുകളാണ്. ആറുമാനൂർ പാലം ഇപ്പോഴും അഞ്ചു തൂണുകൾ മാത്രമായി നിൽക്കുകയാണ്. ഈ തൂണുകളുടെ നിർമാണത്തിനു മാത്രം ചെലവഴിച്ചത് 1.89 കോടിയാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.