കോട്ടയം: ജില്ല വികസന സമിതി യോഗത്തിൽ ജല അതോറിറ്റിക്കെതിരെ രൂക്ഷവിമർശനം. കുടിവെള്ള പദ്ധതികൾക്കായി കുഴിക്കുന്ന റോഡുകൾ ജല അതോറിറ്റി യഥാസമയം പുനർനിർമിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. പൊതുമരാമത്തും ജല അതോറിറ്റിയും തമ്മിലെ പ്രശ്നങ്ങൾ തീരാതെ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകില്ലെന്നും യോഗം വിലയിരുത്തി.
പദ്ധതികൾക്കായി കുഴിക്കുന്ന റോഡുകൾ ജലഅതോറിറ്റി തന്നെ യഥാസമയം പുനർനിർമിക്കുകയോ പൊതുമരാമത്ത് വകുപ്പിന് കൈമാറുകയോ ചെയ്യണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. പൊൻകുന്നം-കപ്പാട് റോഡിന്റെ നിലവിലെ അവസ്ഥ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്ന ഗ്രാമീണ റോഡുകൾ തകർന്ന സ്ഥിതിയിലാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. നഗരത്തിൽ ജല അതോറിറ്റിയുടെ ബ്ലൂ ബ്രിഗേഡുകളുടെ പ്രവർത്തനം സജീവമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചവിട്ടുവരി, വെള്ളൂപ്പറമ്പ്, കൊല്ലാട്, കഞ്ഞിക്കുഴി പ്രദേശങ്ങളിൽ പൈപ്പ് പൊട്ടുന്നതിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കവും വികസന സമിതി വിലയിരുത്തി. ആരോഗ്യവകുപ്പിന്റെ കാളകെട്ടിയിലെ ഡിസ്പെൻസറിയിൽ ആന്റിവെനം സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കാൻ വികസന സമിതി ആരോഗ്യവകുപ്പിനോട് നിർദേശിച്ചു.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ടാക്സി നിരക്കിൽനിന്ന് വ്യത്യസ്തമായി കൂടുതൽ നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ പരിശോധന നടത്തണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കലക്ടർ വി. വിഘ്നേശ്വരി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. പരിശോധനക്കുള്ള സംവിധാനം ഒരുക്കിയതായി ആർ.ടി.ഒ അറിയിച്ചു.
പൊന്തൻപുഴ വനാതിർത്തിക്ക് പുറത്ത് താമസിക്കുന്ന 868 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിലെ തടസ്സം നീക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു. സചിവോത്തമപുരം സി.എച്ച്.സിയിലെ ഐസൊലേഷൻ വാർഡിന്റെ നിർമാണം ഡിസംബർ 15നകം പൂർത്തീകരിക്കണമെന്ന് ജോബ് മൈക്കിൾ എം.എൽ.എ നിർദേശിച്ചു. ചങ്ങനാശ്ശേരി ടൗൺ വില്ലേജ് ഓഫിസ്, പായിപ്പാട് വില്ലേജ് ഓഫിസ് എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനം എം.എൽ.എ വിലയിരുത്തി. പ്രദേശത്തെ തേക്കുമരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കാനും നിർദേശിച്ചു. അഡീഷനൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ജി. നിർമൽകുമാർ, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി സിബി വെട്ടൂർ, ജോസ് കെ. മാണി എം.പിയുടെ പ്രതിനിധി ജെയ്സൺ മാന്തോട്ടം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.