കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡിൽനിന്ന് മണ്ണ് കടത്തിയത് സംബന്ധിച്ച് നഗരസഭ എൻജിനീയറിങ് വിഭാഗം മൂന്നാമതും റിപ്പോർട്ട് നൽകി. രണ്ടാമത്തെ റിപ്പോർട്ടിലെ അതേ കണ്ടെത്തലുകളാണ് പുതിയ റിപ്പോർട്ടിലുമുള്ളത്. ആദ്യം എൻജിനീയറിങ് വിഭാഗം നൽകിയ റിപ്പോർട്ടിൽ 447 ക്യുബിക് മീറ്റർ മണ്ണ് നീക്കിയെന്നാണ് കണ്ടെത്തിയത്.
സ്ഥലപരിശോധന നടത്താതെ തട്ടിക്കൂട്ടിയ റിപ്പോർട്ടാണിതെന്ന് കൗൺസിലർമാർ ആരോപണം ഉന്നയിച്ചതോടെ ജനുവരി 12ന് ചെയർപേഴ്സൻ, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ എൻജിനീയറിങ് വിഭാഗം സ്ഥലപരിശോധന നടത്തി. 18ന് റിപ്പോർട്ട് നൽകി.
690 ക്യുബിക് മീറ്റർ മണ്ണ് കെട്ടിടം പൊളിച്ച കരാറുകാരൻ തിരുനക്കര സ്റ്റാൻഡിൽനിന്ന് നീക്കിയെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, ഈ റിപ്പോർട്ട് പൂർണമല്ലെന്നും വിശദറിപ്പോർട്ട് വീണ്ടും സമർപ്പിക്കണമെന്നും ആവശ്യപ്പെട്ട് ചെയർപേഴ്സണും സെക്രട്ടറിയും നിർദേശം നൽകി. തുടർന്നാണ് മൂന്നാമത്തെ റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടും ഇതിൽ സെക്രട്ടറി എഴുതിയ കുറിപ്പുമടക്കം കഴിഞ്ഞ കൗൺസിലിൽ അജണ്ടയായി വെച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറിയുടെ കുറിപ്പെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് സെക്രട്ടറി എത്തിയശേഷം ചർച്ച ചെയ്യാൻ അജണ്ട മാറ്റിവെച്ചു.
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ്ബേ ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾക്ക് തെരഞ്ഞെടുപ്പ് നടപടിക്രമം പൂർത്തിയായ ശേഷം ടെൻഡർ വിളിച്ചാൽ മതിയെന്ന് കലക്ടർ. ബസ് സ്റ്റാൻഡ് ഷീറ്റ് ഉപയോഗിച്ച് മറക്കാനും കാത്തിരിപ്പുകേന്ദ്രം നിർമിക്കാനും 10.42 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നഗരസഭ തയാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ടെൻഡർ നടപടികൾക്ക് കലക്ടറുടെ അനുമതി വേണം. അനുമതി തേടി സെക്രട്ടറി നൽകിയ കത്തിനുള്ള മറുപടിയിലാണ് നിർദേശം. ജൂൺ നാലിന് വോട്ടെണ്ണലിനുശേഷമേ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാവൂ. ഇതോടെ ഉടനെയൊന്നും ബസ് ബേ യാഥാർഥ്യമാകില്ലെന്ന കാര്യം ഉറപ്പായി.
1. 690 ക്യുബിക് മീറ്റർ മണ്ണാണ് കരാറുകാരൻ തിരുനക്കര സ്റ്റാൻഡിൽനിന്നു കടത്തിയത്. ഈ മണ്ണ് പുനഃസ്ഥാപിക്കാൻ കരാറുകാരനോട് ആവശ്യപ്പെടാം. അല്ലാത്ത പക്ഷം ജിയോളജി വകുപ്പിൽനിന്ന് മണ്ണിന്റെ മൂല്യനിർണയം നടത്തി തുക ഈടാക്കണം.
2. കെട്ടിടം പൊളിക്കുമ്പോൾ ആര്യാസ് ഹോട്ടലിനു സമീപത്തെ ഓട രണ്ടു മീറ്റർ നീളത്തിൽ പൊളിഞ്ഞിട്ടുണ്ട്. ഓടയുടെ കേടുപാടുകൾ പരിഹരിക്കാനും നടപ്പാത പൂർവസ്ഥിതിയിലാക്കാനും കരാറുകാരന് നിർദേശം നൽകാം.
3. ട്യൂബ്ലൈറ്റുകൾ കാണാതായ സംഭവത്തിൽ 7000 രൂപ ഈടാക്കണം.
4. മൂന്നുമാസത്തേക്കായിരുന്നു കെട്ടിടം പൊളിക്കാൻ കരാർ. ഇതു പാലിച്ചിട്ടില്ല.
5. കെട്ടിടാവശിഷ്ടങ്ങൾ പല ഭാഗത്തു അവശേഷിക്കുന്നു. മണ്ണ് നീക്കി സ്ഥലം പൂർവസ്ഥിതിയിലാക്കി നൽകാൻ കരാറുകാരന് നിർദേശം നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.