കോട്ടയം: പാമ്പാടിയിൽ അമ്പതോളം പശുക്കൾക്ക് അസുഖം. കാലിത്തീറ്റയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് സംശയം. പാമ്പാടി ഓർവയൽ ക്ഷീരസഹകരണ സംഘത്തിൽനിന്ന് വിതരണം ചെയ്ത കാലിത്തീറ്റ കഴിച്ച പശുക്കൾക്കാണ് അസുഖം ബാധിച്ചത്. 27നാണ് സംഘത്തിൽ 50 ചാക്ക് കെ.എസ് കാലിത്തീറ്റ എത്തിച്ചത്. അന്നും പിറ്റേദിവസവുമായി 30 ചാക്കിനടുത്ത് വിതരണം ചെയ്തു. ഞായറാഴ്ച മുതൽ പശുക്കൾക്ക് വയറിളക്കം, തീറ്റയെടുക്കാതിരിക്കുക, അയവിറക്കാതിരിക്കുക, ക്ഷീണം, പാലുൽപാദനത്തിൽ കുറവ് എന്നിവ കണ്ടതോടെ കർഷകർ പലരും പരാതിയുമായെത്തി. ഇതോടെയാണ് കാലിത്തീറ്റയിൽനിന്നുള്ള വിഷബാധ സംശയം ബലപ്പെട്ടത്.
വിവരമറിയിച്ചതിനെത്തുടർന്ന് കാലിത്തീറ്റ കമ്പനി പ്രതിനിധികൾ സ്ഥലത്തെത്തി. വീടുകളിലേക്കുകൊണ്ടുപോയ കാലിത്തീറ്റ സംഘത്തിൽ തിരിച്ചെത്തിക്കാനും പശുക്കൾക്കു നൽകരുതെന്നും നിർദേശിച്ചു. സംഘത്തിലെ ബാക്കി സ്റ്റോക്കും കമ്പനി തിരിച്ചെടുക്കും. പശുക്കൾക്ക് രോഗം കണ്ടയുടൻ കർഷകർ സ്വന്തം നിലക്ക് ഡോക്ടറെ കൊണ്ടുവന്ന് പരിശോധിപ്പിച്ചിരുന്നു.
കൂടുതൽ പരിശോധനകൾക്കു ശേഷമേ ഭക്ഷ്യവിഷബാധ ഉറപ്പിക്കാനാവൂ. വർഷങ്ങളായി ഇതേ കാലിത്തീറ്റയാണ് സംഘം വാങ്ങുന്നതെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും സംഘം പ്രസിഡന്റ് മണിക്കുട്ടൻ പറഞ്ഞു. ദിവസം 900 ലിറ്റർ പാലളക്കുന്ന സംഘത്തിൽ തിങ്കളാഴ്ച എത്തിയത് 600 ലിറ്റർ മാത്രമാണ്. പാലുൽപാദനം കുറഞ്ഞത് കർഷകർക്കും തിരിച്ചടിയായി. പത്തും പന്ത്രണ്ടും പശുക്കളുള്ള, പാൽവിൽപന ഉപജീവനമാർഗമായ കുടുംബങ്ങളും ഇതോടെ നിരാശയിലാണ്.
കോട്ടയം: കാലിത്തീറ്റയുടെ ഒരു ബാച്ചിൽ വന്ന അപാകതയാണ് പശുക്കൾക്ക് അസുഖം വരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഷാജി പണിക്കശേരി പറഞ്ഞു. വിവരമറിഞ്ഞ് കാലിത്തീറ്റ കമ്പനി അധികൃതരെയും ന്യൂട്രീഷനിസ്റ്റിനെയും ബന്ധപ്പെട്ടിരുന്നു. എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് കാലിത്തീറ്റ എത്തിക്കുന്നതെന്നും സാമ്പിൾ ശേഖരിച്ച് പരിശോധിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. കാലിത്തീറ്റയിൽ കീടനാശിനിയുടെ അംശം ചേർന്നിട്ടുണ്ടോ എന്നും ഏതെങ്കിലും ഘട്ടത്തിൽ പൂപ്പൽ ബാധിച്ചോ എന്നും പരിശോധിക്കും.
പശുക്കളുടെ ചികിത്സാസംബന്ധമായ ചെലവുകൾ കമ്പനി വഹിക്കും. കാലിത്തീറ്റയുടെ ബില്ല് റീഫണ്ട് ചെയ്യുമെന്നും അറിയിച്ചതായി മൃഗസംരക്ഷണ ഓഫിസർ പറഞ്ഞു.
കോട്ടയം: കാലിത്തീറ്റയുടെ ഗുണനിലവാരമില്ലായ്മയാണ് പശുക്കൾക്ക് അസുഖം വരാൻ കാരണമെന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ് ആരോപിച്ചു. അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നത് കാലിത്തീറ്റയുടെ ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ട്. ഈ കമ്പനിയുടെ കാലിത്തീറ്റ കഴിച്ച പശുക്കൾക്ക് മുമ്പും അസുഖങ്ങളുണ്ടായിട്ടുണ്ട്. വകുപ്പ് മന്ത്രിക്കു പരാതി നൽകിയിട്ടും കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടിയില്ല. പശു ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എബി ഐപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.