കോട്ടയം: കോട്ടയം മറിയപ്പള്ളി മുട്ടത്ത് ലോറി വീണ് ഡ്രൈവർ മരിച്ച പാറക്കുളം ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിക്കപ്പെട്ടത്. കുട്ടനാട്ടിൽ ബണ്ടുകൾ നിർമിക്കാൻ പാറ പൊട്ടിച്ചതോടെ രൂപപ്പെട്ടവയാണ് മുട്ടത്തെ പാറക്കുളങ്ങളെന്ന് നാട്ടുകാർ പറയുന്നു. സര്‍ക്കാര്‍ കല്ലുകുഴി, വെള്ളപ്പാറക്കുഴി എന്നീ പേരുകളിലായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടത്. തോട്ടപ്പള്ളി സ്പിൽവേ നിർമാണത്തിനും സമീപത്തെ ബണ്ട് നിർമാണത്തിനുമാണ് പാറപൊട്ടിച്ചത്.
കൊടൂരാർവഴി കല്ലുകൾ കൊണ്ടുപോകാമെന്നതിനാലാണ് ഈ സ്ഥലം തെരഞ്ഞെടുത്തത്. പിന്നീട് ഈ പാറകള്‍ക്ക് ബലക്കുറവാണെന്നുകണ്ട് മുട്ടത്തുനിന്ന് കല്ലുകൾ കൊണ്ടുപോകുന്നത് നിലച്ചു. 45 വർഷമായി പാറ പൊട്ടിക്കൽ പൂർണമായി നിർത്തി. ഇതോടെ പാറക്കുളം ഉപേക്ഷിക്കപ്പെട്ടു. കാടും ചളിയും മാലിന്യവും നിറഞ്ഞ പാറക്കുളങ്ങൾ ഒറ്റനോട്ടത്തിൽ തരിശുഭൂമിക്ക് സമാനമാണ്. മാലിന്യങ്ങളും പുല്ലും ചേറും നിറഞ്ഞ് ചതുപ്പായും ഒരുഭാഗം മാറി.
കഴിഞ്ഞ നഗരസഭ ഭരണസമിതി കുളത്തിന് ചുറ്റും സിമന്റുകൊണ്ട് സംരക്ഷണം തീര്‍ത്ത് ഇരുമ്പുവേലികള്‍ നിർമിച്ചു. ഇതിനോട് ചേർന്ന റോഡിൽകൂടിയാണ് തിരുവനന്തപുരം സ്വദേശി അജികുമാര്‍ വളം എടുക്കാൻ ലോറിയുമായി വെള്ളിയാഴ്ച എത്തിയത്. ആഴ്ചയില്‍ ഒരിക്കല്‍ അജികുമാര്‍ വളം എടുക്കാന്‍ എത്തുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംരക്ഷണഭിത്തി തകര്‍ത്താണ് ലോറി പാറക്കുളത്തിലേക്ക് മറിഞ്ഞത്.
ഇതിനുമുമ്പ് ഈ കുളത്തിൽ അപകടമൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ കുളത്തിലായിരുന്നു കൊല്ലപ്പെട്ട മതുമൂല സ്വദേശി മഹാദേവന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടം പാറക്കടവ് ഭാഗത്ത് ചെറുതും വലുതുമായി 32ഓളം പാറക്കുളങ്ങളാണുള്ളത്. കോട്ടയം നഗരസഭ 42, 43 വാർഡുകളിലാണ് കുളങ്ങൾ. റോഡിന്റെ ഇരുവശത്തും പാറക്കുളങ്ങളാണ്.
ഇതിനു സമീപത്തായി നിരവധി വീടുകളുമുണ്ട്. മറ്റൊരു കുളത്തിൽ രണ്ട് ലോറി, കാർ എന്നിവ മറിഞ്ഞിട്ടുണ്ട്. അപകടം നടന്ന കുളത്തിനു സമീപത്തെ പാറമടയിൽ അടുത്തിടെ കാണാതായ താഴത്തങ്ങാടി ദമ്പതികൾക്കായി തിരച്ചിൽ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.