കുടക്കച്ചിറ: ഇടുങ്ങിയ റോഡില്‍ പാറമടയില്‍നിന്ന് കല്ലുമായിവന്ന ടിപ്പര്‍ മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുടക്കച്ചിറ-സെന്റ് തോമസ് മൗണ്ട് റോഡിലാണ് ടിപ്പര്‍ മറിഞ്ഞത്. പാറ ഖനനത്തിനെതിരെ സമരരംഗത്തുള്ള നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ടിപ്പറും കല്ലും റോഡില്‍നിന്ന് മാറ്റാനുള്ള ശ്രമം തടയുകയും ചെയ്തു. മറിഞ്ഞ ടിപ്പറിന്റെ ഡ്രൈവര്‍ വള്ളിച്ചിറ സ്വദേശി ബേബിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം അവധിദിവസമായിരുന്നതിനാൽ സ്കൂള്‍ വിദ്യാര്‍ഥികള്‍ അപകത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള റോഡിലൂടെയാണ് ടിപ്പറുകളുടെ നിരന്തരമുള്ള പാച്ചില്‍.
ജനങ്ങളുടെ മുന്നറിയിപ്പിനെയും സമരത്തെയും അവഗണിച്ചാണ് ഇവിടെ പാറഖനനം നടത്തുന്നത്. വീതികുറഞ്ഞ റോഡിലൂടെ ജീവന് പണയംവെച്ചാണ് കുടക്കച്ചിറ സ്കൂളിലെ വിദ്യാര്‍ഥികളുടെ യാത്ര. രക്ഷിതാക്കളും അധ്യാപകരും നെഞ്ചിടിപ്പോടെയാണ് കുട്ടികളുടെ വരവും മടക്കവും നോക്കിക്കാണുന്നത്. ടിപ്പറുകളെ പേടിച്ച് സ്വന്തം വാഹനങ്ങളുള്ള നാട്ടുകാർ നാലു കിലോമീറ്ററോളം ദൂരം അധികം യാത്രചെയ്താണ് വീടുകളിലെത്തുന്നത്.
സെന്റ് തോമസ് മൗണ്ടിന് താഴെ കുത്തനെ ചെരിവുള്ള പ്രദേശത്തെ പാറഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കരൂര്‍ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ സർവകക്ഷി പ്രതിഷേധസമരം നടത്തിയിരുന്നു. കുടക്കച്ചിറ പള്ളിവികാരി ഫാ. തോമസ് മഠത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്ത സമരത്തില്‍ പാറമടക്കെതിരെ വന്‍പ്രതിഷേധവുമായി നൂറുകണക്കിന് നാട്ടുകാര്‍ പങ്കെടുത്തിരുന്നു. പാറഖനനം സമീപത്തെ സെന്റ് ജോസഫ് ഹൈസ്കൂളിലെ കുട്ടികളെ ദോഷകരമായി ബാധിക്കുന്നതിനാല്‍ നിര്‍ത്തിവെക്കണമെന്ന് ബാലാവകാശ കമീഷന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു.
അധികാരികള്‍ ഒന്നടങ്കം കുടക്കച്ചിറ ഒന്നാംവാര്‍ഡിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മുന്‍ഗ്രാമപഞ്ചായത്ത് മെംബര്‍ ജോര്‍ജ് പുളിങ്കാട് പറഞ്ഞു. പാറമടയുടെ സമീപത്തെ വീടുകള്‍ക്കും വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.