കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡിലെ കൽപക സൂപ്പർമാർക്കറ്റ് കെട്ടിടം ഉടൻ പൊളിച്ചു തുടങ്ങും. സൂപ്പർമാർക്കറ്റിലെ സാധനങ്ങളുടെ ലേലം നടക്കാത്തതിനാൽ പിന്നീട് പൊളിക്കാനായിരുന്നു ആദ്യ ധാരണ. എന്നാൽ പൊളിക്കൽ 50 ശതമാനം കഴിഞ്ഞിട്ടും ലേലം നടന്നിട്ടില്ല. ഇതോടെ സാധനസാമഗ്രികൾ കരാറുകാർ പുറത്തെടുത്തുവെച്ചിരിക്കുകയാണ്.
ഫാൻ, ഇരുമ്പിന്റെ മേശകൾ, റാക്ക് തുടങ്ങി 80 ഇനങ്ങളാണ് ഉള്ളത്. കെട്ടിടം പൊളിക്കാൻ കരാറെടുത്ത ഏജൻസി ഇവയും ലേലം വിളിച്ചിരുന്നെങ്കിലും തുക കുറഞ്ഞതുകൊണ്ട് നഗരസഭ അംഗീകരിച്ചില്ല. കെട്ടിടത്തിന്റെ മൂന്നുഭാഗത്തെയും മുകൾനിലകൾ പൂർണമായി പൊളിച്ചുമാറ്റി. കൽപകയുടെ മുകളിൽ അവശേഷിക്കുന്ന ഭാഗം അടുത്തദിവസം പൊളിച്ചുമാറ്റും. അതുകഴിഞ്ഞാൽ താഴത്തെ നില പൊളിക്കും. അപകടസാധ്യത കണക്കിലെടുത്ത് എം.സി. റോഡിൽ രാത്രി ഗതാഗതം തടഞ്ഞാണ് മുകൾ നിലകൾ പൊളിച്ചുമാറ്റുന്നത്.
മുഖ്യമന്ത്രിയുടെ നവകേരള സദസ് ഡിസംബർ 13നു നടക്കുകയാണ്. ഇതിനു മുമ്പ് സ്ഥലംനിരപ്പാക്കി കൊടുക്കാനായിരുന്നു കലക്ടറുടെ നിർദേശം. നവകേരള സദസ് ഇവിടെ നടത്താനായിരുന്നു തീരുമാനം.
എന്നാൽ പൊളിക്കൽ തീരാത്തതുകൊണ്ട് മുഖ്യമന്ത്രിയുടെ പരിപാടി തിരുനക്കര മൈതാനത്തേക്കു മാറ്റുകയായിരുന്നു. 25 ദിവസമെങ്കിലും കിട്ടാതെ പൊളിക്കൽ പൂർത്തിയാക്കാനാവില്ലെന്നാണ് കരാറുകാരൻ പറയുന്നത്. രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുമണിവരെയാണ് കെട്ടിടം പൊളിക്കുന്നത്. പകൽ കമ്പികൾ എടുത്തുമാറ്റി അടുക്കി കെട്ടിവെക്കും. കെട്ടിടം പൊളിക്കുന്നതിന്റെ മണ്ണ് നീക്കാൻ പ്രാദേശികമായി കരാർ നൽകിയിട്ടുണ്ട്. 1.10 കോടി രൂപക്ക് കൊല്ലം സ്വദേശിയാണ് കെട്ടിടം പൊളിക്കാൻ കരാറെടുത്തിരിക്കുന്നത്. സെപ്തംബർ 13നാണ് കെട്ടിടം പൊളിക്കൽ തുടങ്ങിയത്. മൂന്നുമാസമാണ് കരാറിൽ പറഞ്ഞിരുന്നതെങ്കിലും 45 ദിവസം കൊണ്ട് തീർക്കാനായിരുന്നു കലക്ടറുടെ നിർദേശം. ഫലത്തിൽ മൂന്നുമാസം കഴിഞ്ഞാലേ പൊളിക്കൽ പൂർത്തിയാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.