കോട്ടയം: നഗരങ്ങളെല്ലാം ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തി സ്മാർട്ടായി മുന്നേറുമ്പോൾ കോട്ടയത്തു മാത്രം ഇപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത് ട്രാഫിക് പൊലീസ് തന്നെ. പൊരിവെയിലായാലും മഴയായായാലും ഇവിടത്തെ ട്രാഫിക് പൊലീസിനു മാത്രം രക്ഷയില്ല. ദിനംപ്രതി വാഹനങ്ങളുടെ എണ്ണവും ഗതാഗതക്കുരുക്കും ഏറുമ്പോഴും നഗരത്തിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ നടപടിയില്ല. എല്ലായിടത്തും പുതിയ റോഡുകൾ വരുമ്പോൾ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നുണ്ട്. എന്നിട്ടും നഗരത്തിൽ മാത്രം ഒരു മാറ്റവുമില്ല.
വർഷങ്ങൾക്കുമുമ്പ് പലയിടത്തും സ്ഥാപിച്ച സിഗ്നലുകൾ കണ്ണടച്ചിട്ട് നാളേറെയായി. ചിലയിടത്ത് സിഗ്നൽ തന്നെ കാണാനില്ല. നഗരത്തിലെ ഏറ്റവും തിരക്കേറിയ ബേക്കർ ജങ്ഷനിൽപോലും ട്രാഫിക് പൊലീസാണ് ഗതാഗതം നിയന്ത്രിക്കുന്നത്. 2013ൽ സി. രാജഗോപാല്‍ ജില്ല പൊലീസ് മേധാവിയായിരിക്കെയാണ് 80 ലക്ഷം രൂപ ചെലവിട്ട് നഗരത്തിലെ 11 ജങ്ഷനുകളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചത്. ശീമാട്ടി റൗണ്ടാന, ബേക്കർ ജങ്ഷന്, സീസ൪ പാലസ്, പുളിമൂട് കവല, കലക്ടറേറ്റ്, ലോഗോസ് ജങ്ഷന്, സെൻറ് ജോസഫ്സ് ജങ്ഷൻ, കഞ്ഞിക്കുഴി, സെന്‍ട്രല്‍ ജങ്ഷന്, നാഗമ്പടം, എസ്.ബി.ടി എന്നിവിടങ്ങളിലാണ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. കുറച്ചു നാൾ ഇവ പ്രവർത്തിച്ചെങ്കിലും പിന്നീട് തെളിയാതായി.
നിലവിൽ ലോഗോസ്, മനോരമ എന്നിവിടങ്ങളിൽ മാത്രമാണ് സിഗ്നൽ പ്രവർത്തിക്കുന്നത്. കലക്ടറേറ്റിനു സമീപത്തെ സിഗ്നൽ നേരത്തെ തെളിഞ്ഞിരുന്നു. ഇപ്പോൾ കണ്ണടച്ചു. നാഗമ്പടത്ത് പാലത്തിനു സമീപത്തെ സിഗ്നൽ നോക്കുകുത്തിയായി നിൽപുണ്ട്. സിഗ്നൽ സംവിധാനം പ്രാവർത്തികമാക്കിയാൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ മാത്രമല്ല, ട്രാഫിക് പൊലീസിന്റെ ജോലി ഭാരം കുറക്കാനും കഴിയും. ബേക്കർ ജങ്ഷനും ശീമാട്ടി റൗണ്ടാനയും തമ്മിൽ ദൂരമില്ലാത്തതാണ് ഇവിടങ്ങളിൽ സിഗ്നൽ ഏർപ്പെടുത്താൻ സാങ്കേതിക തടസ്സമായി പറയുന്നത്. ബേക്കർ ജങ്ഷനിൽനിന്ന് സിഗ്നൽ കടന്നുവരുന്ന വാഹനങ്ങൾ ശീമാട്ടി റൗണ്ടാനയിലെ സിഗ്നലിൽ കിടക്കേണ്ടിവരും. ഇത് വലിയ ഗതാഗതക്കുരുക്കുണ്ടാക്കും.
എന്നാൽ, ബേക്കർ ജങ്ഷനിലെങ്കിലും സിഗ്നൽ ആരംഭിച്ചാൽ താൽക്കാലിക ആശ്വാസമാകും. മെഡിക്കൽ കോളജ്, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ റോഡുകൾ വന്നുചേരുന്ന ബേക്കർ ജങ്ഷനിൽ ട്രാഫിക് പൊലീസുകാരന് വിശ്രമമില്ലാത്ത പണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.