കോട്ടയം: ഇരട്ടപ്പാത വന്നിട്ടും റെയിൽവേ സ്റ്റേഷൻ ആധുനിക രീതിയിൽ നവീകരിക്കപ്പെട്ടിട്ടും കുമാരനല്ലൂരുകാരുടെ യാത്രാദുരിതത്തിന് അറുതിയില്ല. ആവശ്യത്തിന് ട്രെയിനുകളില്ലാത്തതും ഉള്ളവ നിർത്താത്തതും കുമാരനല്ലൂർ, ചിങ്ങവനം പോലുള്ള ചെറിയ സ്റ്റേഷനുകളിലെ ജോലിക്കാരായ യാത്രക്കാരെയാണ് ദോഷകരമായി ബാധിച്ചിട്ടുള്ളത്. കൃത്യസമയത്ത് ജോലിസ്ഥലത്തെത്തണമെങ്കിൽ ബസുകൾ തന്നെ ആശ്രയം. കുമാരനല്ലൂരിൽനിന്ന് കയറുന്നവരിൽ അധികവും സീസൺ ടിക്കറ്റുകാരാണ്. കോവിഡിനു മുമ്പ് പാസഞ്ചർ ട്രെയിനുകൾക്ക് കുമാരനല്ലൂരിൽ സ്റ്റോപ് ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളായി വന്നപ്പോൾ സ്റ്റോപ് പുനഃസ്ഥാപിച്ചില്ല. രാവിലെ 5.15ന് പുറപ്പെടുന്ന നിലമ്പൂർ-രാജ്യറാണി എക്സ്പ്രസ് കായംകുളം-എറണാകുളം മെമു തുടങ്ങിയ ട്രെയിനുകൾ നേരത്തേ കുമാരനല്ലൂരിൽ നിർത്തിയിരുന്നു. നിരവധി തവണ യാത്രക്കാർ ആവശ്യമുന്നയിച്ചെങ്കിലും റെയിൽവേ കേട്ടമട്ടില്ല. മെഡിക്കൽ കോളജ്, എം.ജി സർവകലാശാല ഭാഗത്തുനിന്ന് നിരവധി പേരാണ് ദിനവും എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യുന്നത്. രാവിലെ എറണാകുളത്തേക്ക് 6.28ന്റെ ട്രെയിൻ കഴിഞ്ഞാൽ പിന്നീട് 10.05നേ മറ്റൊരു ട്രെയിൻ ഉള്ളൂ. ഇതിനിടയിലുള്ള സമയം ജോലിക്കാരായ യാത്രക്കാർക്ക് എറണാകുളത്തെത്തണമെങ്കിൽ കോട്ടയം സ്റ്റേഷനിൽ വരണം. എന്നാൽ, ഇവിടെയെത്തിയാൽ ഏഴിന് പാലരുവിയും 8.30ന് വേണാടും മാത്രം. ഈ ട്രെയിനുകളിലാവട്ടെ കാലുകുത്താൻപോലും ഇടമില്ലാത്ത അവസ്ഥയായിരിക്കും.
രാവിലെയും വൈകീട്ടും തിരക്കുള്ള സമയത്ത് കൂടുതൽ പാസഞ്ചർ ട്രെയിൻ അനുവദിക്കുകയും കുമാരനല്ലൂരിൽ സ്റ്റോപ് അനുവദിക്കുകയും ചെയ്താൽ സാധാരണക്കാരായ യാത്രക്കാരുടെ പ്രശ്നത്തിന് താൽക്കാലിക പരിഹാരമാവും. അടുത്തിടെയാണ് ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി സ്റ്റേഷൻ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്. എന്നിട്ടും അതിന്റെ പ്രയോജനം യാത്രക്കാർക്കു ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.