കോട്ടയം: ഹാജർ ബുക്കിൽ ഒപ്പിടുന്നതിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ കൈയേറ്റവും ബഹളവും. വൈസ് ചെയർമാൻ ബി. ഗോപകുമാറിനെ പിടിച്ചുതള്ളിയതിനെത്തുടർന്ന് കണ്ണട താഴെവീണ് പൊട്ടുകയും ഷർട്ട് കീറുകയും ചെയ്തു. ശനിയാഴ്ച ഉച്ചക്കുചേർന്ന യോഗത്തിലാണ് സംഭവം. ചെയർപേഴ്സൻ ഇരിപ്പിടത്തിലിരുന്നയുടൻ സി.എൽ.ആർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പറഞ്ഞ് യു.ഡി.എഫ് കൗൺസിലർ എ.പി. സന്തോഷ് കുമാർ സംസാരിച്ചു. തുടർന്ന് അഡ്വ. ഷീജ അനിലും ഇതേവിഷയം ഉന്നയിച്ചു. സി.എൽ.ആർ തൊഴിലാളികൾക്ക് ആറുമാസമായി ശമ്പളം കിട്ടിയിട്ടില്ലെന്ന് ഷീജ പറഞ്ഞു. സംസാരം തുടർന്നതോടെ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അജണ്ട ചർച്ചചെയ്യാനുണ്ടെന്നും ഇത്തരത്തിൽ പൊതുചർച്ച നടത്തി സമയം കളയാനാവില്ലെന്നും കൗൺസിലിലെ ബഹളം കാരണം നാനൂറോളം അജണ്ടകൾ മാറ്റിവെച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമായി. ഇതോടെ അജണ്ടകൾ പാസാക്കിയതായും യോഗം പിരിച്ചുവിട്ടതായും പ്രഖ്യാപിച്ച് ചെയർപേഴ്സൻ ഇറങ്ങിപ്പോയി. ഈസമയം കൗൺസിലർമാർ ഹാജർ ബുക്കിൽ ഒപ്പിടുന്നതേയുണ്ടായിരുന്നുള്ളൂ. വൈസ്ചെയർമാൻ ഒപ്പിടാൻ തുടങ്ങുന്നതിനിടെ, യോഗം പിരിച്ചുവിട്ട ശേഷം ഒപ്പിടാൻ പറ്റില്ലെന്ന് പറഞ്ഞ് എൽ.ഡി.എഫ് കൗൺസിലർമാർ വളഞ്ഞു.
പുറത്തുപോയ മറ്റു കൗൺസിലർമാർ കൂടിയെത്തി ഹാജർ ബുക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. കസേരയിൽ ഇരുന്നിരുന്ന വൈസ് ചെയർമാനെ തള്ളുകയും അദ്ദേഹം കസേരയോടെ പുറകിലേക്ക് ആയുകയും ചെയ്തു. ചുമരിൽ തട്ടിയതിനാൽ താഴെവീണില്ല. ഹാജർ ബുക്ക് എൽ.ഡി.എഫ് കൗൺസിലർ കൊണ്ടുപോവുകയും ചെയ്തു.
വൈസ് ചെയർമാനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ പ്രകടനം നടത്തി. എൽ.ഡി.എഫിലെ പി.ഡി. സുരേഷ്, എൻ.എൻ. വിനോദ്, ജിബി ജോൺ എന്നിവർ ചേർന്നാണ് തന്നെ കൈയേറ്റം ചെയ്തതെന്നും ഇതിനെതിരെ പൊലീസിൽ പരാതിനൽകുമെന്നും വൈസ്ചെയർമാൻ അറിയിച്ചു. വാർഷിക പദ്ധതി കൃത്യസമയത്ത് ഡി.പി.സിക്ക് സമർപ്പിക്കാൻ കഴിയാത്ത നഗരസഭ ഭരണം പരാജയമാണെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാരും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.