കോട്ടയം: പത്താം ക്ലാസ് കഴിഞ്ഞാൽ ആൺ-പെൺ വ്യത്യാസമില്ലാതെ ടൈപ് റൈറ്റിങ് പഠിക്കാൻ പോയിരുന്ന പഴയ കാലം ഓർമയില്ലേ. തട്ടിൻ പുറത്തുനിന്നു കേട്ടിരുന്ന കട കട ശബ്ദം കമ്പ്യൂട്ടറിെൻറ കടന്നുവരവുവരെ മലയാളിയുടെ ജീവിതതാളമായിരുന്നു. അക്കാലത്താണ്, കൃത്യമായി പറഞ്ഞാൽ 1962ൽ, പാലായിൽനിന്ന് കോട്ടയം നഗരത്തിലെത്തിയ വി.എം. കുമാർ വാടകക്കെടുത്ത കെട്ടിടത്തിൽ ടൈപ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്. ഇന്ത്യൻ കോളജ് എന്ന ആ സ്ഥാപനം ഇന്ന് നഗരത്തിൽ അവശേഷിക്കുന്ന ഏറ്റവും പഴക്കം ചെന്ന ടൈപ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടാണ്. മൂന്നുവർഷം മുമ്പ് കുമാർ മരിച്ചു. ഭാര്യ 74കാരിയായ കുമാരിയാണ് കോളജിെൻറ ഇപ്പോഴത്തെ സാരഥി. 23ാം വയസ്സിൽ ഭർത്താവിെൻറ കൈപിടിച്ച് ഇന്ത്യൻ കോളജിൽ വന്നുകയറിയതാണ് കുമാരി. ബിരുദം കഴിഞ്ഞ കുമാരിക്ക് ജോലിക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ ആൾ വേണമെന്നതിനാൽ അദ്ദേഹത്തിനൊപ്പം കൂടി. അന്നുമുതൽ അവിടത്തെ അധ്യാപികയായി. അതോെടാപ്പം തനിക്കു പറ്റിയ എല്ലാ സർട്ടിഫിക്കറ്റ് കോഴ്സുകളും പഠിക്കുകയും ചെയ്തു. ടൈപ് റൈറ്റിങ്ങിെൻറ സുവർണകാലമായിരുന്നു അതെന്ന് കുമാരി ഓർക്കുന്നു.
നിരവധി കുട്ടികൾ പഠിക്കാൻ എത്തിയിരുന്നു. അഞ്ച് ടൈപ് റൈറ്റിങ് മെഷീനുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 60 എണ്ണം ഉണ്ടായിരുന്ന കാലവുമുണ്ടായിരുന്നു. 19 മെഷീനുകളാണ് ഇപ്പോഴുള്ളത്. മൂന്നു തരം മെഷീനുകളാണ് കുട്ടികൾക്ക് നൽകുക. എ.ബി.സി.ഡി പഠിക്കാൻ ഒന്ന്. വേഗം ആയിക്കഴിഞ്ഞാൽ മറ്റൊരെണ്ണം. പരീക്ഷക്ക് മറ്റൊരെണ്ണം. ടൈപ് റൈറ്റിങ്ങിനൊപ്പം സിവിൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ എൻജിനീയറിങ്, അക്കൗണ്ടൻസി, ടെലി കമ്യൂണിക്കേഷൻ, ഹിന്ദി-മലയാളം വിദ്വാൻ, തുടങ്ങിയ കോഴ്സുകളും ആരംഭിച്ചു. കാലത്തിനൊപ്പം സഞ്ചരിച്ച് വർഷങ്ങൾക്കിപ്പുറമെത്തിയപ്പോൾ സർക്കാർ അംഗീകൃത ഫാഷൻ ഡിസൈനിങ് കോഴ്സും തുടങ്ങി.
പി.എസ്.സിയുടെ ടൈപിസ്റ്റ് തസ്തികകളിലേക്ക് ഇംഗ്ലീഷ്, മലയാളം ടൈപ് റൈറ്റിങ്, കമ്പ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റ് വേണം. സർക്കാർ സർവിസിൽ സ്ഥാനക്കയറ്റത്തിനുവേണ്ടി ടൈപ് പഠിക്കാൻ വരുന്നവരാണ് അധികവും. ഇപ്പോൾ 35 വിദ്യാർഥികളുണ്ട്. സർവിസിങ്ങാണ് വലിയ പ്രശ്നമെന്ന് കുമാരി പറയുന്നു.
മെഷീനുകളുടെ ഉൽപാദനം നിർത്തിയതിനാൽ പാർട്സ് കിട്ടാൻ പാടാണ്. കേടായാൽ നന്നാക്കാനും ആളില്ല. അതുകൊണ്ടുതന്നെ സൂക്ഷിച്ചാണ് ഉപയോഗവും പരിപാലനവും. മക്കളായ ഗിരീഷ്കുമാർ, ഗായത്രീദേവി എന്നിവർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണ് താമസം. വാടകക്കെട്ടിടത്തിൽനിന്ന് 14 വർഷം മുമ്പാണ് തിരുനക്കര ക്ഷേത്രത്തിനു സമീപത്തെ ശാസ്താനിലയം വീട്ടിലേക്കു മാറിയത്. താമസവും ഇൻസ്റ്റിറ്റ്യൂട്ടും എല്ലാം ഇവിടത്തെ അഞ്ചുനിലെകട്ടിടത്തിൽതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.