കോട്ടയം: അനധികൃതമായി സർവിസ് നടത്തുന്ന വഞ്ചിവീടുകൾ പിടിച്ചെടുത്ത് സൂക്ഷിക്കാൻ മാരിടൈം ബോർഡ് പാർക്കിങ് യാർഡ് തയാറാക്കുന്നു. ഹൈകോടതി ഇടപെടലിനെതുടർന്നാണ് സംസ്ഥാനത്തെ ആദ്യ യാർഡ് ആലപ്പുഴയിലെ ആര്യാട് ഒരുങ്ങുന്നത്. പരിശോധനയിൽ നിശ്ചിതരേഖകൾ ഇല്ലെന്ന് കണ്ടെത്തുന്ന ബോട്ടുകൾക്ക് പിഴ ചുമത്തുമെങ്കിലും വീണ്ടും സർവിസ് നടത്തുകയായിരുന്നു പതിവ്. ഇതിൽ കോടതി ഇടപെട്ടതോടെയാണ് ബോട്ടുകൾ പിടിച്ചെടുക്കാനും സൂക്ഷിക്കാൻ യാർഡ് നിർമിക്കാനും മാരിടൈം ബോർഡ് തീരുമാനിച്ചത്.
വേമ്പനാട് കായലിനോട് ചേർന്ന് ആലപ്പുഴ ആര്യാട് ചർച്ച് ബോട്ട് ജെട്ടിക്കരികിലായാണ് യാർഡ്. ടെൻഡറിെനാടുവിൽ നിശ്ചിത വാടകക്കാണ് 20 ബോട്ടുകൾ ഒരേസമയം നിർത്തിയിടാൻ കഴിയുന്ന സ്ഥലം ഏറ്റെടുത്തത്.
ചെറുതോട്ടിലൂടെ ബോട്ടുകൾ എത്തിക്കാൻ കഴിയുന്നതിെനാപ്പം ഇവിടേക്ക് റോഡ് സൗകര്യവുമുണ്ട്. ബോട്ടുകളുടെ സുരക്ഷക്കായി സെക്യൂരിറ്റിയെ നിയമിക്കുന്നതിനൊപ്പം സി.സി ടി.വിയും സ്ഥാപിക്കും.
അനധികൃത ബോട്ടുകൾ പിടിച്ചിടാൻ ആറുമാസത്തിനകം യാർഡ് സ്ഥാപിക്കണമെന്ന് നേരത്തേ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു.നിശ്ചിത രേഖകളും രജിസ്ട്രേഷനുമില്ലാതെ സർവിസ് നടത്തുന്ന ബോട്ടുകൾ കണ്ടെത്താനുള്ള ടാസ്ക് ഫോഴ്സുകളും ശക്തമാക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
പൊലീസിെൻറ സഹായത്തോടെയുള്ള ടാസ്ക് ഫോഴ്സ് നിലവിലുണ്ടെങ്കിലും പ്രവർത്തനം സജീവമല്ല. ഇത് സ്ഥിരം പൊലീസുകാരെയടക്കം ഉൾപ്പെടുത്തി ശക്തിപ്പെടുത്തും. ഇതിനായി ആഭ്യന്തര വകുപ്പിന് ശിപാർശ നൽകിയിട്ടുണ്ട്.
പരിശോധന കർശനമാക്കുന്നതിെൻറ ഭാഗമായി രണ്ട് പട്രോളിങ് ബോട്ടുകൾ വാങ്ങും. കായലിെൻറ മധ്യഭാഗങ്ങൾ കേന്ദ്രീകരിച്ചാകും രേഖകളില്ലാത്ത ബോട്ടുകളിൽ ഭൂരിഭാഗവും സർവിസ് നടത്തുക.
ഇവയെ കെണ്ടത്താനാണ് ബോട്ടുകൾ വാങ്ങുന്നത്. അടുത്തിടെ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ 66 ബോട്ടുകൾക്ക് രേഖകൾ ഇല്ലെന്നും ഇതിൽ 54 എണ്ണത്തിനു രജിസ്ട്രേഷൻ ഇല്ലെന്നും കണ്ടെത്തിയിരുന്നു.
ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലായി സർവിസ് നടത്തുന്ന ആയിരത്തഞ്ഞൂറോളം ഹൗസ്ബോട്ടുകളിൽ (വഞ്ചിവീട് ) 734 എണ്ണത്തിന് മാത്രമാണ് രജിസ്ട്രേഷനുള്ളത്. നേരത്തേ വേമ്പനാട്ടുകായലിന് പരമാവധി 262 ഹൗസ്ബോട്ടുകൾ ഉൾക്കൊള്ളുന്നതിനുള്ള ശേഷിയേയുള്ളൂവെന്ന് സി.എ.ജി കെണ്ടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.