വൈക്കം: ആധുനിക നിലവാരത്തിൽ പുനർനിർമിക്കുന്ന വൈപ്പിൻപടി -ടി.വി. പുരം റോഡിൽ ഓടകൾ നിർമിക്കുന്നില്ലെന്ന് പരാതി. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ ഓട നിർമിക്കാതെ റോഡരികിൽ ചരിച്ച് കോൺക്രീറ്റ് ചെയ്യാൻ നീക്കം നടത്തുന്നതായാണ് ആക്ഷേപം. അഞ്ചുകിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് പത്ത് കോടി വിനിയോഗിച്ചാണ് പുനർനിർമിക്കുന്നത്. റോഡിലെ പള്ളിപ്രത്തുശേരി അക്ഷയ സെന്ററിനു മുൻവശം, മണ്ണത്താനം, പഴുതു വള്ളിക്ഷേത്രത്തിനു മുൻവശം, ടിവിപുരം എസ്.ബി.ഐക്ക് മുൻവശം തുടങ്ങിയ സ്ഥലങ്ങളിൽ വർഷക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. റോഡിൽ ഓടയുള്ള ഭാഗത്തേക്ക് വെള്ളം ഒഴുകിയെത്തുന്ന വിധത്തിൽ ചരിവ് ഉറപ്പാക്കി കോൺക്രീറ്റ് ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, മണ്ണത്താനത്തെ വെള്ളക്കെട്ട് നീക്കാൻ ഈ ഭാഗത്തെ വൈക്കം പള്ളിയുടെ ഭാഗത്തേക്ക് നീളുന്ന ഓടയുമായി ബന്ധിപ്പിച്ചാൽ മാത്രമേ കഴിയൂവെന്ന് പ്രദേശവാസികൾ പറയുന്നു. പഴുതുവള്ളി ക്ഷേത്രത്തിലേക്കുള്ള വഴിയുടെ മുൻഭാഗത്തെ വെള്ളക്കെട്ട് നീക്കാൻ സമീപത്തെ തോട്ടിലേക്ക് വെള്ളമൊഴുകുന്നതിന് സംവിധാനമൊരുക്കണം. ടി.വി പുരം എസ്.ബി.ഐ യുടെ മുൻവശത്തെ വെള്ളക്കെട്ട് വർഷങ്ങളായി വഴിയാത്രികരെയും സമീപവാസികളെയും ദുരിതത്തിലാക്കുകയാണ്. ഇവിടെ റോഡരികിൽ ചരിവു തീർത്ത് കോൺക്രീറ്റു ചെയ്താൽ വെള്ളക്കെട്ടുമാറില്ലെന്നും ഓട നിർമ്മിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.