വൈക്കം: ടോൾ-ചെമ്മനാകരി റോഡ് നിർമാണത്തിലെ പ്രതിസന്ധി ഒഴിയുന്നു. ജപ്പാന് കുടിവെള്ള പൈപ്പുകളുടെ വാൽവ് ചേംബറുകളാണ് നിർമാണത്തിൽ വില്ലനായത്. ഒടുവിൽ ചേംബറുകൾ ഉയർത്തി നിർമാണം പൂര്‍ത്തീകരിക്കാന്‍ ആലപ്പുഴ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജല അതോറിറ്റിയുടെ ഡ്രിങ്കിങ് വാട്ടര്‍ ആൻഡ് സാനിറ്റേഷന്‍ ഫണ്ടിൽനിന്ന് 16.40 ലക്ഷം ചെലവിട്ടാകും ചേംബറുകള്‍ ഉയര്‍ത്തുക. ഇതോടെ റോഡ് നിര്‍മാണത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി.
ആലപ്പുഴ ജില്ലയിലേക്ക് ശുദ്ധജലം എത്തിക്കാനുള്ള ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് പൊളിക്കേണ്ടി വന്നതോടെയാണ് ടോള്‍-ചെമ്മനാകരി റോഡിലൂടെയുള്ള യാത്ര ദുഷ്കരമായത്. 2012ല്‍ പദ്ധതി കമീഷന് ചെയ്തെങ്കിലും പുനര്‍നിര്‍മാണം നീണ്ടു.
തുടര്‍ന്ന് രണ്ടര വര്‍ഷം മുമ്പ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ച് റോഡ് ടാര്‍ ചെയ്തെങ്കിലും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം മൂലം റോഡ് സഞ്ചാരയോഗ്യമാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സി.കെ. ആശ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് 2021-22 സംസ്ഥാന ബജറ്റില്‍പെടുത്തി ടോള്‍-ചെമ്മനാകരി റോഡിന് അഞ്ചു കോടി അനുവദിക്കുന്നത്.
ഇത് ഉപയോഗിച്ച് ബി.എം ബിസി നിലവാരത്തില്‍ നിര്‍മാണം നടക്കുന്നതിനിടെയാണ് ചേംബറുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച തര്‍ക്കം ഉടലെടുത്തത്. ഒന്നിലധികം ഭാഗങ്ങളിലേക്ക് പൈപ്പുകൾ കണക്ഷനുകൾ ഉള്ളയിടങ്ങളിലാണ് വാൽവ് ചേംബറുകൾ സ്ഥാപിച്ചിരിക്കുന്നത്.
ടോള്‍ മുതല്‍ ചെമ്മനാകരിവരെയുള്ള റോഡില്‍ 18 ചേംബറുകളാണ് റോഡിനൊപ്പം ഉയര്‍ത്തേണ്ടത്. നിര്‍മാണം നീണ്ടതോടെ പ്രശ്നപരിഹാരത്തിനായി 23ന് കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ എം.എല്‍.എമാരായ സി.കെ. ആശ, ദലീമ ജോജോ, മറവന്തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപന്, കലക്ടര്‍ വി. വിഘ്നേശ്വരി, ആലപ്പുഴ ജില്ല കലക്ടര്‍ ജോണ്‍ വി. സാമുവല്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു.
യോഗതീരുമാനപ്രകാരം ആലപ്പുഴ ജില്ല കലക്ടര്‍ കഴിഞ്ഞദിവസം വാട്ടർ അതോറിറ്റിയുടെ യോഗം വിളിച്ചാണ് പണി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കാനാണ് തീരുമാനമെന്ന് സി.കെ. ആശ എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.