വൈക്കം: തോരാതെ പെയ്യുന്ന മഴയിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായി.
ഉദയനാപുരം പഞ്ചായത്തിലെ വാഴമന, കൊടിയാട്, പടിഞ്ഞാറെക്കര, വൈക്കപ്രയാർ ഭാഗങ്ങളിലാണ് വെള്ളപ്പൊക്ക ദുരിതമേറെയും. മൂവാറ്റുപുഴയാറിന്റെയും കരിയാറിന്റെയും തീരങ്ങളിലുള്ള വീടുകളിലും വെള്ളം കയറി. കൊടിയാട്, വാഴമന ഭാഗത്ത് നൂറോളം വീടുകളാണ് വെള്ളക്കെട്ടിലമർന്നത്. ഇതിൽ 25 വീടുകളുടെ ഉള്ളിൽ വെള്ളം കയറി. തലയാഴം പഞ്ചായത്തിലെ തോട്ടകം, ചെട്ടിക്കരി, ഏഴാം ബ്ലോക്ക്, മുണ്ടാർ അഞ്ച് എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് വെള്ളപ്പൊക്ക ദുരിതം പേറുന്നത്.
ടിവി പുരം പഞ്ചായത്തിലെ കരിയാറിന്റെ തീരപ്രദേശങ്ങളായ മൂത്തേടത്തുകാവ്, കോട്ടച്ചിറ, ചെമ്മനത്തുകര എന്നിവിടങ്ങളിലും നിരവധി വീടുകൾ വെള്ളത്തിലാണ്. തലയോലപ്പറമ്പ് താഴ്ന്ന പ്രദേശങ്ങളായ വട്ടക്കേരി, മാക്കോക്കരി, കോരിക്കൽ, തേവലക്കാട് തുടങ്ങിയ പ്രദേശങ്ങളും വെള്ളത്തിലായി.
ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മഴ ശക്തമായി തുടർന്നാൽ കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വരുമെന്ന് താലൂക്ക് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.