വൈക്കം: തലയാഴം പഞ്ചായത്തിലെ മൂന്ന് പാടശേഖരങ്ങളിലെ വെള്ളക്കെട്ടും കൃഷിനാശവും ഒഴിവാക്കാനുള്ള പദ്ധതിക്ക് തുടക്കം. മുണ്ടാർ അഞ്ച്, സി.കെ.എം, കളപ്പുരക്കരി മൂന്നു പാടശേഖരങ്ങളിലായി ചെറുതും വലതുമായ നാല് ഷട്ടർ മടകൾ നിർമിക്കും. ഇതിലൂടെ പാടശേഖരങ്ങളിൽ രണ്ടുതവണ നെൽകൃഷിയും ഒപ്പം കപ്പ, വാഴ, പച്ചക്കറി തുടങ്ങിയ ഇടവിളകളും കൃഷി ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
പാടശേഖരങ്ങൾക്കുള്ളിൽ താമസിക്കുന്ന 100ഓളം കുടുംബങ്ങളുടെ വെള്ളപ്പൊക്ക ഭീഷണിക്കും ഇതിലൂടെ പരിഹാരം കാണാൻ കഴിയും. 110 ഏക്കറുള്ള മുണ്ടാർ അഞ്ചിൽ 40ഓളം കർഷകരും 135 ഏക്കറുള്ള സി.കെ.എമ്മിൽ 99 കർഷകരും 50 ഏക്കറുള്ള കളപ്പുരയ്ക്കക്കരിയിൽ 47 കർഷകരുമാണുള്ളത്.
മൂന്നു പാടശേഖരങ്ങളിലായി ചെറുതും വലതുമായ നാല് ഷട്ടർ മടകൾ നിർമിക്കും. സി.കെ.എം, കളപ്പുരയ്ക്കൽക്കരി പാടശേഖരങ്ങളെ ബന്ധിപ്പിച്ച് മൂന്നു കിലോമീറ്ററോളം പുറംബണ്ട് ഉയർത്തി നിർമിക്കും. മോട്ടോർ ചാലുകളുടെ പുറക് ഭാഗം കല്ലുകെട്ടി ബലപ്പെടുത്തും. രണ്ട് വശങ്ങളിലും കല്ലുകെട്ടി കളപ്പുരയ്ക്കൽക്കരിയിലേക്ക് റോഡും പദ്ധതിയുടെ ഭാഗമായി നിർമിക്കുമെന്ന് പാടശേഖര സമിതി സെക്രട്ടറി പി.ജി. ബേബി പുതുച്ചിറയും പ്രസിഡൻറ് തങ്കച്ചനും പറഞ്ഞു. മുണ്ടാർ അഞ്ചിൽ ആരംഭിച്ച ഷട്ടർ മടയുടെ നിർമാണം അവസാന ഘട്ടത്തിലായി. മുണ്ടാർ അഞ്ച് പാടശേഖരത്തിന്റെ പുറംബണ്ട് ഒരു കിലോമീറ്ററോളം ഉയർത്തി നിർമിക്കുമെന്ന് പാടശേഖര സമിതി ഭാരവാഹികളായ കെ.എൻ. രാജേഷ്, ശശി മുരുകംതറ എന്നിവർ പറഞ്ഞു. നെൽകൃഷിക്കു പുറമെ പുരയിടങ്ങളിലും പാടശേഖരത്തിന്റെ പുറംബണ്ടിനോടു ചേർന്നും കപ്പ, വാഴ, പച്ചക്കറി കൃഷി വ്യാപകമായി ചെയ്തുവരുന്നുണ്ട്.
ഇടവിളകൾ വിളവെടുപ്പിനു പാകമാകുമ്പോൾ വെള്ളം കയറി പതിവായി നശിക്കുന്ന സ്ഥിതിയാണ് ഈ പാടശേഖരങ്ങളിലുള്ളത്. ഈ മൂന്ന് പാടശേഖരങ്ങളുടെ ഉള്ളിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങളും വർഷക്കാലത്ത് വെള്ളക്കെട്ട് ദുരിതത്തിലാണ്. വെള്ളക്കെട്ട് ദുരിതംമൂലം ഇതിൽ ചില കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് താമസം മാറ്റി.
നബാഡിന്റെ അഞ്ചുകോടി രൂപ വിനിയോഗിച്ചുള്ള പദ്ധതി പൂർത്തിയാകുന്നതോടെ കൃഷിനാശവും വെള്ളപ്പൊക്ക ദുരിതവും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.കെ.എം പാടശേഖര സമിതി ഭാരവാഹികളായ പി.കെ. സതീശൻ, പി.ഡി. മൈക്കിൾ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.