വൈക്കം: വലിയകവലയിലെ ഇ.വി. രാമസ്വാമി നായ്ക്കരുടെ തന്തൈ പെരിയോർ സ്മാരകം തമിഴ്നാട് മന്ത്രി എം.പി. സ്വാമിനാഥൻ സന്ദർശിച്ച് നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി. സ്മാരകത്തിന്റെ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. പെയിന്റിങ്, ഇലക്ട്രിക്കൽ ജോലികളാണ് നടക്കുന്നത്. ആഗസ്റ്റ് 15ന് മുമ്പ് ജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്താൻ സാധിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തുമെന്നും മന്ത്രി പറഞ്ഞു.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ 8.14 കോടി രൂപ മുടക്കിയാണ് സ്മാരകം നവീകരിക്കുന്നത്. പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മ്യൂസിയവും മുകളിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസുമാണ്. രാമസ്വാമി നായ്ക്കരുടെ പ്രതിമക്ക് മുന്നിൽ വലിയ കവാടവും ഓപൺ സ്റ്റേജിനു മുകളിൽ റൂഫുമാണുള്ളത്. കുട്ടികളുടെ പാർക്കും ലൈബ്രറിയും സ്മാരകത്തിന്റെ ഭാഗമാകും. ജീവചരിത്രം, സമരചരിത്രം എന്നിവ കൂടാതെ പെരിയോറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള രചനകളും സ്മാരകത്തിൽ ഒരുക്കും.
വൈക്കത്ത് സംസ്ഥാന സർക്കാർ വിട്ടുനൽകിയ 64 സെന്റ് സ്ഥലത്താണ് 1994 ജനുവരിയിൽ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മാരകം തുറന്നത്. 1924ൽ ഈറോഡിൽനിന്ന് എത്തിയാണ് വൈക്കം വീരൻ എന്ന ഖ്യാതി നേടിയ തന്തൈ പെരിയോർ, വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്. ഇൻഫർമേഷൻ സെക്രട്ടറി എൻ. സുബ്രഹ്മണ്യം, ഡോ. വൈത്തിനാഥൻ, പി.ഡബ്ല്യു.ഡി ബിൽഡിങ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, സെൽവരാജ്, അസിസ്റ്റന്റ് എൻജിനീയർമാരായ മോഹനകൃഷ്ണൻ, മോഹനകൃഷ്ണൻ, സതീശ്കുമാർ, പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.