വൈക്കം: തകർച്ചഭീഷണി നേരിടുന്ന വൈക്കം നഗരസഭ ഷോപ്പിങ് ക്ലോപ്ലക്സിൽനിന്ന് ഓഫിസ് മാറ്റുന്നതിൽ അനിശ്ചിത്വം. കെട്ടിടത്തിന്റെ അപകടസ്ഥിതി കണക്കിലെടുത്ത് ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഒഴിയാൻ വൈക്കം നഗരസഭ നോട്ടീസ് നൽകിയെങ്കിലും നടപടികൾ ഇഴയുന്നു. ജോ.ആർ.ടി.ഒ ഓഫിസ്, മത്സ്യഫെഡ് ജില്ല ഓഫിസ്, ഡയഗ്നോസ്റ്റിക് സെന്റർ, കമ്പ്യൂട്ടർ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്.
2022ൽ കെട്ടിടത്തിന്റെ ഒരു ഭാഗം മോട്ടോർ വാഹന വകുപ്പിന്റെ ജീപ്പിന് മുകളിലേക്ക് തകർന്നുവീണിരുന്നു. ഇതോടെ നഗരസഭ എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഇക്കാര്യംകാട്ടി നഗരസഭക്ക് ഇവർ റിപ്പോർട്ടും നൽകി. ഇതിനു പിന്നാലെ ഷോപ്പിങ് ക്ലോപ്ലക്സിൽനിന്ന് എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനങ്ങൾക്ക് നഗരസഭ നോട്ടീസ് നൽകി. എന്നാൽ, ഇക്കാര്യത്തിൽ തുടർനടപടിയൊന്നും സ്വീകരിക്കാനോ ഒഴിപ്പിക്കാനോ നഗരസഭ തയാറായില്ല.
ഇതിനിടെ ആർ.ടി ഓഫിസ് നഗരസഭ ടൗൺഹാളിലേക്ക് മാറ്റാനും തീരുമാനിച്ചു. എന്നാൽ, ഇതിലും ശോചനീയമാണ് ഇവിടുത്തെ സ്ഥിതിയെന്ന് ചൂണ്ടിക്കാട്ടുന്നു. ടൗൺഹാളിലേക്ക് ഓഫിസ് മാറ്റുന്നതിനായി രേഖകൾ ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നഗരസഭക്ക് അപേക്ഷ നൽകിയെങ്കിലും നഗരസഭ അനങ്ങിയില്ല. ഇതോടെ ഇവരുടെ ഓഫിസ് മാറ്റം അനിശ്ചിതത്വത്തിലായി.
മത്സ്യഫെഡ് ഓഫിസ് മാറ്റത്തിലും തീരുമാനമായിട്ടില്ല. 50 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് തകർന്ന് കമ്പികൾ വെളിയിൽ കാണുന്ന സ്ഥിതിയാണ്. കോൺക്രീറ്റ് പാളികൾ ഏതുനിമിഷവും അടർന്ന് വീഴാവുന്ന അവസ്ഥയിലാണെന്ന് കച്ചവടക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.