വൈക്കം: വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള വിളക്കുമാട തുരുത്ത് വികസനം തേടുന്നു. വേമ്പനാട്ടുകായലിൽ ടി.വി. പുരം ശ്രീരാമ ക്ഷേത്രത്തിന് പിന്നിൽ 12 സെന്റോളം വരുന്ന കൊച്ചു ദ്വീപാണ് വിളക്കുമാട തുരുത്ത്. വേമ്പനാട്ടുകായലിലെ ഈ തുരുത്തിന് പറയാൻ ചരിത്രമേറെയാണ്.
മുൻകാലങ്ങളിൽ ജലവാഹനങ്ങൾക്ക് വെളിച്ചം കാട്ടിയിരുന്ന വിളക്കുമാടം ഇവിടെയായിരുന്നു. വടക്കുംകൂർ രാജവംശത്തിന്റെ സേനയുടെ കായൽ നിരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഈ തുരുത്ത് എന്നും പറയുന്നു. രാജഭരണ കാലത്ത് കൊച്ചി, കോട്ടയം, ചേർത്തല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് വഴിയറിയാനും വിശ്രമിക്കാനും വേണ്ടിയായിരുന്നു വിളക്കു മാടം സ്ഥാപിച്ചത്.
ഇതുവഴി വരുന്ന ജലയാനത്തിലെ ജീവനക്കാർക്ക് വിശ്രമിക്കാൻ കെട്ടിടവും തേക്കിന്റെ തടിയിൽ തീർത്ത വിളക്ക് മരവും ഇവിടെ ഉണ്ടായിരുന്നു. ഈ തുരുത്തിനു സമീപത്തുകൂടിയാണ് പുതിയ ദേശീയ ജലപാത നിർണയിച്ചിരിക്കുന്നത്. ടി.വി. പുരം ശ്രീരാമ ക്ഷേത്രത്തോടു ബന്ധപ്പെട്ടു കിടക്കുന്ന ഈ വിളക്കു മാട തുരുത്തിൽ സൗകര്യങ്ങൾ ഒരുക്കിയാൽ വിനോദ സഞ്ചാര മേഖലക്ക് മുതൽ കൂട്ടാകും.
ജലസേചന വകുപ്പിന്റെ കീഴിൽ ഉള്ള ഈ ദ്വീപിനു ചുറ്റും മതിൽ കെട്ടി, വിശ്രമിക്കാൻ ചാരുബഞ്ചുകളും കായലിൽ തൂക്കുപാലവും സ്ഥാപിച്ചാൽ സഞ്ചാരികളെ ആകർഷിക്കാം. നാട്ടുകാർ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഉത്തരവാദിത്വ ടൂറിസത്തിന്റെ പരിധിയിൽ വിളക്കു മാടതുരുത്തിനെ ഉൾപ്പെടുത്തിയാൽ വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.