അറിവിന്‍റെ മുറി തുറന്ന്​ എജുകഫെ എക്സിബിഷൻ

കോഴിക്കോട്: മാധ്യമം 'എജുകഫെ' വേദിയിൽ ഒരുക്കിയ എക്സിബിഷൻ അറിവിന്‍റെ ലോകത്തേക്കുള്ള വാതായനങ്ങൾ തുറക്കുന്നതായി. പ്രദർശനം കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. 55ൽപരം സ്റ്റാളുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ഉപരിപഠന സാധ്യതകളെ പരിചയപ്പെടുത്തുന്ന പ്രദർശനം ശനിയാഴ്​ചയും തുടരും. മെഡിസിന്‍, എന്‍ജിനീയറിങ്, ബിസിനസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ്, നഴ്സിങ്, ഫിനാൻഷ്യൽ മേഖലയിലെ കോഴ്സുകൾ, ഏവിയേഷൻ ആൻഡ് ലോജിസ്റ്റിക്സ് തുടങ്ങി നിരവധി മേഖലയിലേക്കുള്ള കോഴ്സുകളെക്കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഗ്രാജ്വേറ്റ്​, അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർഥികൾ വിദേശത്ത് ഉപരിപഠനത്തിനായി എന്തുചെയ്യണമെന്ന് വിശദീകരിക്കുന്ന ഒട്ടേറെ സ്റ്റാളുകളാണ് മേളയിലുള്ളത്. യു.കെ, യു.എസ്, പോളണ്ട്, അയർലന്റ് എന്നീ രാജ്യങ്ങളിൽ വിദേശപഠനത്തിന് സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങളുണ്ട്. രണ്ടോ മൂന്നോ കൊല്ലം ഇന്ത്യയിൽതന്നെ വിദേശ യൂനിവേഴ്​സിറ്റിയിലെ സിലബസ് അനുസരിച്ച് പഠിച്ച് അവസാനവർഷം മാത്രം വിദേശത്തെ യൂനിവേഴ്സിറ്റികളിൽ പോയി കോഴ്സ് പൂർത്തിയാക്കാനുള്ള സൗകര്യവും ലഭ്യമാക്കുന്നു. എൻജിനീയറിങ്, മെഡിസിൻ പഠനത്തിന് സഹായിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിശദ വിവരങ്ങളും ലഭ്യമാണ്. വിദേശ യൂനിവേഴ്സിറ്റികൾക്ക് പുറമെ മംഗലാപുരം, കോയമ്പത്തൂർ, ബംഗളൂരു, ചെന്നൈ, ആന്ധ്രപ്രദേശ് തുടങ്ങി ഇന്ത്യയിലെ വിവിധ യൂനിവേഴ്സിറ്റികളിൽ പഠനത്തിനുവേണ്ട കൗൺസലിങ്ങും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.