കെ.എസ്.ആർ.ടി.സി ജില്ലകള്‍ തോറും ഭരണനിർവഹണ ഓഫിസ് തുടങ്ങുന്നു

മാനന്തവാടി: കെ.എസ്.ആര്‍.ടി.സി ജില്ലകള്‍ തോറും ഭരണ നിര്‍വഹണ ഓഫിസ് തുടങ്ങുന്നു. ഭരണം, അക്കൗണ്ട്‌സ് വിഭാഗങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ചീഫ് ഓഫിസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഭരണനിര്‍വഹണ കാര്യാലയങ്ങള്‍ തുറക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ രണ്ടും മറ്റു ജില്ലകളില്‍ ഒന്നുവീതവും ഓഫിസുകളാണ് ആരംഭിക്കുന്നത്. കോര്‍പറേഷന്റെ ഭരണനിര്‍വഹണം ചീഫ് ഓഫിസ് കേന്ദ്രീകരിച്ച് സോണല്‍, ഡിപ്പോ, വര്‍ക് ഷോപ് തലങ്ങളിലാണ് നടന്നുവരുന്നത്. ദിവസം ആറുകോടി രൂപയോളം വരുമാനമുള്ള കോര്‍പറേഷനില്‍ അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്നതിനു മതിയായ സംവിധാനം ഇല്ല. ഇത് വാര്‍ഷിക ഓഡിറ്റഡ് സ്‌റ്റേറ്റ്‌മെന്റ് തയാറാക്കുന്നതില്‍ കാലവിളംബത്തിനു കാരണമാകുകയാണ്. നിലവില്‍ നൂറില്‍ അധികം ഓഫിസുകളില്‍ ഭരണനിര്‍വഹണ നടപടികള്‍ സ്വീകരിക്കുന്നത് ചീഫ് ഓഫിസ് ഉത്തരവുകളുടെ പരിപാലനത്തിലും ഡിപ്പോതല വിവരങ്ങള്‍ ചീഫ് ഓഫിസില്‍ ലഭിക്കുന്നതിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഓരോ ജില്ലയിലും ഭരണനിര്‍വഹണ ഓഫിസുകള്‍ തുറക്കാനുള്ള തീരുമാനം. ഭരണനിര്‍വഹണ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം: തിരുവനന്തപുരം-പാപ്പനംകോട്, നെടുമങ്ങാട്. കൊല്ലം-കൊട്ടാരക്കര. പത്തനംതിട്ട-പത്തനംതിട്ട (താല്‍ക്കാലികം), കോട്ടയം-ചങ്ങനാശേരി (താല്‍ക്കാലികം), ഇടുക്കി-തൊടുപുഴ, എറണാകുളം-ആലുവ (താല്‍ക്കാലികം), തൃശൂര്‍-തൃശൂര്‍. പാലക്കാട്-പാലക്കാട്, മലപ്പുറം-മലപ്പുറം, കോഴിക്കോട്-കോഴിക്കോട്, വയനാട്- സുൽത്താൻ ബത്തേരി. കണ്ണൂര്‍-കണ്ണൂര്‍. കാസര്‍കോട്-കാഞ്ഞങ്ങാട്. ജില്ല ഭരണ നിര്‍വഹണ ഓഫിസിന്റെ അധികാരി പുതുതായി സൃഷ്ടിക്കുന്ന ഡി.ടി.ഒ/എ.ടി.ഒ(അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഫിനാന്‍സ്) ആയിരിക്കും. അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍, അക്കൗണ്ട്‌സ് ഓഫിസര്‍ എന്നിങ്ങനെ രണ്ടു വിഭാഗം മേധാവികളും സൂപ്രണ്ടുമാര്‍, അസിസ്റ്റന്റുമാര്‍, ടൈപ്പിസ്റ്റ്, പ്യൂണ്‍ എന്നിങ്ങനെ ജീവനക്കാരും ഓഫിസില്‍ ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.