കൂളിമാട്: നിത്യേന കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി പതിറ്റാണ്ടുകളായി പത്രവിതരണം നടത്തുന്ന ഒരാളുണ്ടിവിടെ, പത്രവിതരണത്തിൽ വിശ്വാസ്യത പുലർത്തി 37 വർഷം പൂർത്തിയാക്കുന്ന താത്തൂർ പൊയിൽ കള്ളിവളപ്പിൽ ആലിക്കുട്ടി.
പത്രവിതരണവും മത്സ്യവിൽപനയും മറ്റുമെല്ലാം ബൈക്കുകളിലേക്കും സ്കൂട്ടറുകളിലേക്കും മാറിയിട്ടും ഇപ്പോഴും എല്ലാദിവസവും സൈക്കിളിൽ പത്രം എത്തിച്ചുനൽകുകയാണ് ‘മാധ്യമം ആലിക്കുട്ടി’യെന്ന 62കാരൻ. ‘മാധ്യമ’ത്തിന്റെ തുടക്കം മുതൽ ഇദ്ദേഹം വിതരണക്കാരനാണ്. പഴയ വ്യാപാരിയായ ആലിക്കുട്ടി, മാവൂർ ഗ്വാളിയോർ റയോൺസ് അടച്ചതോടെയാണ് പത്രവിതരണം നിത്യജോലിയായി ഏറ്റെടുത്തത്. കൂളിമാട് മുതൽ പുൽപറമ്പുവരെയും നായർകുഴിയുടെ ചില ഭാഗങ്ങളിലുമാണ് വിതരണം. രാവിലെ നാലോടെ തുടങ്ങുന്ന പത്രവിതരണം പൂർത്തിയാക്കി 11 മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തുക. പ്രളയവും പേമാരിയും പ്രതികൂല കാലാവസ്ഥയുമൊന്നും ഇദ്ദേഹത്തിന്റെ കർമവീഥിയിൽ തടസ്സമാകാറില്ല.
ആലിക്കുട്ടിക്ക് കീഴിൽ ഏഴോളം പേർ വിതരണ രംഗത്തുണ്ട്. കയറ്റിറക്കങ്ങൾ ധാരാളമുള്ള റോഡിൽ പരിഭവമൊന്നുമില്ലാതെ സൈക്കിൾയാത്ര പ്രണയിച്ച് സേവനം തുടരുകയാണ് കെ.വി. ആലിക്കുട്ടി. പത്രവിതരണത്തിനിറങ്ങിയശേഷം ഇപ്പോൾ ഉപയോഗിക്കുന്നത് 13ാമത്തെ സൈക്കിളാണ്. കാലപ്പഴക്കത്താൽ സൈക്കിളുകൾ കുറെയെണ്ണം മാറിയെങ്കിലും പത്രവിതരണത്തിലെ ശൈലി മാറ്റാതെ ആലിക്കുട്ടി വായനാനുഭവങ്ങൾ സമ്മാനിക്കാൻ നിത്യേന വീട്ടുമുറ്റങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.