ക്രിസ്​മസ്​ വിപണി ഒരുങ്ങി; കൊറോണ നക്ഷത്രം തിളങ്ങും

വടകര: കോവിഡിനും ലോക്​ഡൗണിനും ശേഷമുള്ള ആദ്യത്തെ ക്രിസ്മസ്-പുതുവത്സര വിപണി ഒരുങ്ങി. വിപണി കീഴടക്കാന്‍ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും നിരന്നു. പ്രധാന ടൗണുകളിലെല്ലാം ക്രിസ്മസ് വിപണി ഒരുക്കം പൂര്‍ത്തിയായി. കൊറോണ വൈറസി‍ൻെറ മാതൃകയിലുള്ള എല്‍.ഇ.ഡി നക്ഷത്രമാണ്​ ഇത്തവണത്തെ പ്രത്യേകത. ഇതിന് വില അല്‍പം കൂടുതലാണെങ്കിലും ആവശ്യക്കാര്‍ ഏറെയാണ്. 850 രൂപയാണ് നക്ഷത്രത്തി‍ൻെറ വില. ഇത്തരത്തിലുള്ള നക്ഷത്രങ്ങള്‍ അടുത്ത ആഴ്ചയോടെ കൂടുതല്‍ വിപണിയില്‍ ഇടംപിടിക്കും. പല നിറത്തിലും രൂപത്തിലും പുതുമയാര്‍ന്ന നക്ഷത്രങ്ങളാണ് വിൽപനക്കായി നിരന്നിട്ടുള്ളത്. ഖാദി, വെല്‍വറ്റ് തുടങ്ങിയ തുണിത്തരങ്ങളിലുള്ള നക്ഷത്രങ്ങള്‍, എല്‍.ഇ.ഡി ബള്‍ബുകള്‍ അടക്കം സജ്ജീകരിച്ച റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍, ക്രിസ്മസ് ട്രീകള്‍ എന്നിവയെല്ലാം വിപണിയിൽ സ്ഥാനംപിടിച്ചുകഴിഞ്ഞു. പോയ വർഷങ്ങളിലെ കാഴ്​ചകളായ എല്‍.ഇ.ഡി നക്ഷത്രങ്ങളാണ് വിപണിയിൽ മുൻനിരയിൽ. പല നിറത്തിലുള്ള ആകര്‍ഷണീയമായ എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ക്കാണ് ആവശ്യക്കാർ കൂടുതൽ. 200-300 രൂപക്കിടയിലുള്ള നക്ഷത്രങ്ങൾക്കും വെളിച്ചം കൂടുതലുള്ളതിനും ആവശ്യക്കാർ ഏറെയാണ്. പുല്‍ക്കൂട് അലങ്കരിക്കാനുള്ള വിവിധ നിറങ്ങളിലുള്ള ബലൂണുകള്‍, വര്‍ണക്കടലാസുകള്‍, ബാളുകള്‍, എല്‍.ഇ.ഡി ബള്‍ബുകളുടേതടക്കം വൻ ശേഖരംതന്നെ വിൽപനക്കുണ്ട്. മുൻവര്‍ഷങ്ങളിലെപ്പോലെ കോവിഡ് വിലക്കുറവും വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ കൂടുതല്‍ കച്ചവടം നടക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഹോമിലി നക്ഷത്രം, കുഞ്ഞന്‍ ക്രിസ്മസ് ട്രീ, വസ്ത്രങ്ങള്‍, മണികള്‍, ക്രിസ്മസ് കാര്‍ഡുകള്‍ അടങ്ങിയ ഗിഫ്​റ്റ്​ ബോക്‌സുകള്‍ എന്നിവയും ക്രിസ്മസ് വിപണിയില്‍ ഇടംപിടിച്ചുകഴിഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞ ക്രിസ്മസ്- പുതുവത്സരക്കാലത്ത് വ്യാപാരം ഒന്നുംതന്നെ നടന്നിരുന്നില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവായതോടെ വിപണി സജീവമാണ്​. ക്രിസ്മസ് വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് വ്യാപാരികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.