മുക്കുപണ്ടം പണയം: ഒരാൾകൂടി അറസ്റ്റിൽ

വൈസ് പ്രസിഡൻറിനെ കണ്ടെത്തിയില്ലെന്ന് പൊലീസ് കൊടിയത്തൂർ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ. മാട്ടുമുറിക്കൽ സന്തോഷ് കുമാറിന്റെ ഭാര്യ ഷൈനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മാട്ടുമുറി സ്വദേശിയും ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറിയുമായ വിഷ്ണു കയ്യൂണമ്മൽ, മാട്ടുമുറിക്കൽ സന്തോഷ് കുമാർ എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഷൈനിക്ക് താമരശ്ശേരി കോടതി മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേരള ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽനിന്ന് 24.26 ലക്ഷം രൂപയും കാർഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യൻമുഴി ശാഖയിൽനിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി സംഘം കൈക്കലാക്കിയത്. കൊടിയത്തൂർ ശാഖയിൽ 12 പവനോളം മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്തിനെ കണ്ടുപിടിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. ശാഖ മാനേജർ രശ്മി എസ്. രഘു നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2021 സെപ്റ്റംബർ മുതലാണ് കേസിന് ആസ്പദമായ സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.