കോൺഗ്രസ്-എസിൽ ഭിന്നത രൂക്ഷം; ഒരു വിഭാഗം എൻ.സി.പിയിലേക്ക്

​ കോഴിക്കോട്​: ജില്ലയിൽ കോൺഗ്രസ്​-എസിലെ രൂക്ഷമായ ഭിന്നത പൊട്ടിത്തെറിയിലേക്ക്​. കഴിഞ്ഞ 12 വർഷമായി പ്രസിഡന്റായിരുന്ന സത്യചന്ദ്രന്‍റെ നേതൃത്വത്തിൽ നൂറോളം നേതാക്കളും പ്രവർത്തകരും ഈ മാസം 15ന്​ എൻ.സി.പിയിൽ ചേരും. ജില്ലയിലെ ചില നേതാക്കളുടെ അഴിമതിക്കും അനീതിക്കുമെതിരെ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ്​ പാർട്ടി വിടുന്നത്​. സത്യചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജില്ല കമ്മിറ്റി ഭാരവാഹികളെ അടുത്തിടെ സംസ്ഥാന കമ്മിറ്റി നീക്കിയിരുന്നു. വ്യാജരേഖ ചമച്ച്​ ജില്ല കമ്മിറ്റിയുടെ പേരിൽ സഹകരണ ബാങ്കിൽ അക്കൗണ്ട്​ തുടങ്ങിയ ജില്ല സെക്രട്ടറിയും സംസ്​ഥാന നിർവാഹക സമിതി അംഗവുമായ സി.പി. ഹമീദിനെതിരെ മുൻ ജില്ല പ്രസിഡന്റ്​ പരാതി നൽകിയിരുന്നു. വ്യാജരേഖ ചമക്കൽ, വ്യാജരേഖ യഥാർഥ രേഖയായി അവതരിപ്പിക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്​ അഭിപ്രായ വ്യത്യാസം ​രൂക്ഷമായത്​. എൽ.ഡി.എഫ്​ യോഗത്തിൽ പാർട്ടിയെ ഇപ്പോൾ ക്ഷണിക്കാറുമില്ല. വി. ഗോപാലൻ പ്രസിഡന്റായി പുതിയ ജില്ല ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ്​ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്ന ​ജില്ല നേതൃയോഗം തെരഞ്ഞെടുത്തിരുന്നു. അസുഖംബാധിച്ച്​ കിടപ്പിലായ വ്യക്തിയെ വരെ ഭാരവാഹിയായി തെരഞ്ഞെടുത്തതായി വിമതപക്ഷം ആരോപിക്കുന്നു. അതേസമയം, സംഘടനയുടെ അച്ചടക്കത്തിനും ഐക്യത്തിനും എതിരായി പ്രവർത്തിച്ചു​​കൊണ്ടിരിക്കുന്ന മുൻ ജില്ല പ്രസിഡന്റ് ​ സത്യചന്ദ്രനെ പാർട്ടിയു​ടെ പ്രാഥമികാംഗത്വത്തിൽനിന്ന്​ പുറത്താക്കിയതായി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.