പഞ്ചവത്സര പദ്ധതി: നൂതന പദ്ധതികൾ തയാറാക്കണം -ആസൂത്രണസമിതി

കോഴിക്കോട്​: ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജനം, ഊര്‍ജം എന്നിവക്ക് പുറമെ, നൂതന പദ്ധതികള്‍ തയാറാക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തയാറാവണമെന്നും ജീവിതശൈലീ രോഗങ്ങള്‍ സംബന്ധിച്ച സംയോജിത പദ്ധതി രൂപവത്കരിക്കണമെന്നും ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മണലില്‍ മോഹനന്‍ അഭിപ്രായപ്പെട്ടു. 14ാം പഞ്ചവത്സര പദ്ധതിയുടെ സംയോജിത- സമഗ്ര വികസന രൂപവത്​കരണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതി അംഗങ്ങളുടെയും വര്‍ക്കിങ് ഗ്രൂപ് കണ്‍വീനര്‍മാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ശശി അധ്യക്ഷത വഹിച്ചു. സംയോജിത പദ്ധതികള്‍ക്ക് സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്‍റെ അധികവിഹിതത്തിന് അര്‍ഹമായ എനേബ്ലിങ് കോഴിക്കോട്, ക്രാഡില്‍ പദ്ധതികള്‍ക്കൊപ്പം ഉൽപാദന മേഖലയിലെ കതിരണി, ഞങ്ങളും കൃഷിയിലേക്ക്, ആരോഗ്യമേഖലയിലെ സമഗ്രപദ്ധതിയായ ജീവതാളം, സ്നേഹസ്പര്‍ശം എന്നിവയും സംയോജിത പദ്ധതികളായി പരിഗണിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ജില്ല പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ശിവാനന്ദന്‍, സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സൻ കെ.വി. റീന, ജില്ല പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.