മുക്കം: വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ടാംഘട്ട പ്രചാരണം തുടങ്ങി യു.ഡി.എഫ്. മുഴുവൻ ബൂത്തുകളിലും കൺവെൻഷനുകൾ പൂർത്തിയാക്കി രണ്ടിലധികം തവണ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ വീടുകൾ കയറി.
വനിത, യുവജന സ്ക്വാഡുകളും ഇത്തവണ പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വീടുകൾ കയറി ഇറങ്ങുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പര്യടനം ഞായറാഴ്ച ആരംഭിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രചാരണത്തിന് എത്തുന്നുണ്ട്. മണ്ഡലത്തിലുടനീളം മെഗാ കുടുംബ യോഗങ്ങൾ നടക്കുകയാണിപ്പോൾ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നേരിട്ടെത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ എ.പി. അനിൽകുമാർ എം.എൽ.എ, പി.കെ. ബഷീർ എം.എൽ.എ, ടി. സിദ്ദീഖ് എം.എൽ.എ, സി.പി. ചെറിയ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ഓരോ നിയോജക മണ്ഡലങ്ങളിലും അവലോകന യോഗങ്ങൾ ചേർന്നത്. പഞ്ചായത്ത്/ മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, മണ്ഡലം, പഞ്ചായത്ത് നിരീക്ഷകൻമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
മുക്കത്ത് നടന്ന തിരുവമ്പാടി നിയോജക മണ്ഡലം അവലോകന യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ കാസിം അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, എം.ജെ. ജോബ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ വി.കെ ഹുസൈൻ കുട്ടി, ഇ.പി. ബാബു, അഡ്വ. സുഫിയാൻ ചെറുവാടി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.