കോഴിക്കോട്: വിവിധ കേസുകളിൽ റിമാന്റിലായശേഷം പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ മൂന്ന് പ്രതികൾ അറസ്റ്റിൽ. ചക്കുംകടവ് ആനമാട് സ്വദേശി കച്ചേരി ഹൗസിൽ ഷഫീഖ് (42), മാറാട് പൊറ്റാംകണ്ടിപറമ്പ് കടവത്ത് ഹൗസിൽ സുരേഷ് (40), തിരുവനന്തപുരം സ്വദേശി സുകു ഭവനിൽ സുജിത്ത് (40) എന്നിവരാണ് പിടിയിലായത്. ഷഫീഖ് മോഷണകേസിലും സുരേഷും സുജിത്തും ആളുകളെ ആക്രമിച്ചതടക്കമുള്ള കേസുകളിലുമാണ് അറസ്റ്റിലായത്. 2023 ജനുവരി അഞ്ചിന് ജില്ല കോടതിക്ക് സമീപം ദാവൂദ് ഭായ് കപാസി റോഡിലെ എൻ.എം.ഡി.സി എന്ന സ്ഥാപനത്തിന്റെ വാതിൽ പൊളിച്ച് കവർച്ചക്ക് ശ്രമിച്ച കേസിലെ പ്രതിയാണ് ഷഫീഖ്. ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. കുറ്റിക്കാട്ടൂരിൽ നിന്ന് ടൗൺ എസ്.ഐ ജെയിൻ, എ.എസ്.ഐ റിനീഷ്, എസ്.സി.പി.ഒമാരായ നിധീഷ്, സി.പി.എം വിപിൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഷഫീഖിനെതിരെ ഫറോക്ക് സ്റ്റേഷനിൽ മോഷണ കേസുണ്ട്.
2021 ഒക്ടോബർ 26ന് മാറാട് പൊട്ടംകണ്ടിപ്പറമ്പിൽനിന്ന് ലക്ഷ്മി നിലയത്തിൽ ബിൻസിയേയും ഭർത്താവ് വിനീഷിനെയും അസഭ്യം വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഇവരുടെ മകനെ കല്ലെടുത്തെറിയുകയും ചെയ്ത കേസിലെ പ്രതിയാണ് സുരേഷ്. മാറാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അരക്കിണർ ഭാഗത്തുനിന്ന് മാറാട് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. സുരേഷിനെതിരെ മാറാട്, നല്ലളം പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകൾ നിലവിലുണ്ട്.
2023 ജൂലൈ 17ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം നടപ്പാതയിൽ സുഹൃത്തുമായി സംസാരിച്ചിരുന്ന റഹീമിനെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുജിത്ത്. ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടംകുളം ജൂബിലി ഹാളിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ടൗൺ എസ്.ഐ ജെയിൻ, എ.എസ്.ഐ റിനീഷ്, എസ്.സി.പി.ഒമാരായ നിധീഷ്, സി.പി.എം വിപിൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.