കോഴിക്കോട്: സിറ്റി പൊലീസിന്റെ കോമ്പിങ് ഓപറേഷനിൽ കുടുങ്ങിയത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് കേസ് പ്രതികളും മദ്യപിച്ചുവാഹനം ഓടിച്ചവരുമടക്കം നിരവധി നിയമ ലംഘകർ. വർധിച്ചുവരുന്ന മയക്കുമരുന്ന് വിൽപനയും ഉപയോഗവും, ഗുണ്ട -ക്വട്ടേഷൻ പ്രവർത്തനങ്ങൾ, മോഷണം എന്നിവ അമർച്ച ചെയ്യുക ലക്ഷ്യമിട്ട് ഡി.ഐ.ജി രാജ്പാൽ മീണയുടെ നിർദേശ പ്രകാരമായിരുന്നു കോമ്പിങ് ഓപറേഷൻ.
നഗരത്തിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിൽപന നടത്തുന്ന മയക്കുമരുന്ന് ശൃഖലയുടെ കണ്ണി മുറിക്കുക, കവർച്ചകൾ തടയുക, ഗുണ്ട സംഘങ്ങളുടെ അക്രമങ്ങളും ഭീഷണികളും ഇല്ലാതാക്കുക, വാറന്റ് പ്രതികളെ പിടികൂടുക തുടങ്ങിയവയായിരുന്നു നിർദേശം. പരിശോധനയിൽ ലഹരി വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട് 38 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്. കഞ്ചാവുമായി പാളയം ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് കുറ്റിപ്പുറം സ്വദേശി കച്ചേരിപ്പറമ്പ് തടത്തിൽ ഹൗസിൽ റഹ്മാൻ സഫാത്ത് (60), മാനിപുരം സ്വദേശി കല്ലുവീട്ടിൽ ഹബീബ് റഹ്മാൻ (24), പുളിക്കൽ സ്വദേശി കിഴക്കയിൽ അജിത്ത് (23) എന്നിവരെ കസബ പൊലീസ് അറസ്റ്റും ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ച 38 പേർക്കെതിരെയും നടപടി സ്വീകരിച്ചു. വിൽപനക്കായി മദ്യം കൈവശംവെച്ച 21 പേർക്കെതിരെ അബ്കാരി നിയമം പ്രകാരവും കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ച 27 പേർക്കെതിരെ മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തു. വ്യാപാര സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സമീപം സംശയസ്പദ സാഹചര്യത്തിൽ കണ്ട ആറുപേരെ കരുതൽ തടങ്കലിലാക്കി.
കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതികൾ അനധികൃതമായി ജില്ലയിൽ പ്രവേശിക്കുന്നുണ്ടോയെന്നും പരിശോധന നടത്തി. വിവിധ കേസുകളിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ മൂന്നുപേരും പിടിയിലായി. സിറ്റി പൊലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒമ്പത് അസി. കമീഷണർമാർ, 17 ഇൻസ്പെക്ടർമാർ, അമ്പതോളം എസ്.ഐമാർ, 250 പൊലീസുകാർ എന്നിവരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.