കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കാമ്പസിലെ പുരുഷ ഹോസ്റ്റലിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് താമസിക്കുന്നത് നിർത്തലാക്കാൻ സിൻഡിക്കേറ്റ് യോഗതീരുമാനം. ഹോസ്റ്റലിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് താമസിക്കുന്നത് ഡോ. പി. റഷീദ് അഹമ്മദ് യോഗത്തിൽ ഉന്നയിച്ചു. ആൺകുട്ടികളുടെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്നും സുരക്ഷിതത്വ ഭീഷണിയുണ്ടെന്നും പരാതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവകലാശാല ഔദ്യോഗികമായി മിക്സഡ് ഹോസ്റ്റൽ തുടങ്ങിയിരുന്നില്ല. ഹോസ്റ്റൽ നിയമങ്ങൾ കർശനമാക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. രാത്രി ഒമ്പതിന് ശേഷം ഹോസ്റ്റലുകളിൽ പ്രവേശനം നിഷേധിക്കും. പുറത്തുപോയ വിദ്യാർഥികൾക്ക് പ്രവേശനം നൽകില്ല. രാത്രി പുറത്തുപോകുന്ന വിദ്യാർഥികൾ മൂവ്‌മൻെറ് രജിസ്റ്ററിൽ പേരെഴുതണം. കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനം നടത്താനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.
സ്വാശ്രയ കോളജ് വിദ്യാർഥികളുടെ വോട്ടവകാശം സംബന്ധിച്ച 2020ലെ ഹൈകോടതി വിധി സംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. കലോത്സവ നിയമങ്ങൾ പുതുക്കുന്നതിനായി വിവിധ വിദ്യാർഥി സംഘടനകളുമായി അഭിപ്രായം ആരായും. ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൊടുത്തുതീർക്കാൻ ആവശ്യമെങ്കിൽ സ്പെഷൽ സെനറ്റ് ചേരാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
പരീക്ഷഭവനിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും ആക്കുന്നതിന് സമർപ്പിച്ച റിപ്പോർട്ട് മോഡേണൈസേഷൻ കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. പരീക്ഷാഭവനിൽ 10.30 മുതൽ മൂന്നു മണി വരെ വിദ്യാർഥികൾക്ക് പ്രവേശനം നൽകും. ഏതുസമയത്തും പരീക്ഷഭവനിലേക്ക് തിരിച്ചറിയൽ രേഖ ഇല്ലാതെതന്നെ പ്രവേശിക്കാൻ വിദ്യാർഥികളെ അനുവദിക്കുന്നത് നിർത്താൻ തീരുമാനിച്ചു.
ഒരാൾ പല വിദ്യാർഥികളുടെ പ്രശ്നങ്ങളുമായി വരുന്നതും പരിഗണിക്കില്ല. പരീക്ഷഭവനിൽ സുരക്ഷ കൂടുതൽ ശക്തമാക്കും. 25 വനിത സെക്യൂരിറ്റി ഓഫിസർമാരെ നിയമിക്കും. പരീക്ഷഭവനിലെ പാർക്കിങ് ഒഴിവാക്കും.പ്രവേശനത്തിന് ആള് കുറഞ്ഞാൽ ഐ. ടി സൻെററുകൾ അടച്ചുപൂട്ടും. ഒബ്ജറ്റീവ് ടൈപ്പ് ചോദ്യങ്ങളുള്ള ഡിഗ്രി ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകൾ ഓൺലൈനായി നടപ്പാക്കാനും തീരുമാനിച്ചു. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.