കോഴിക്കോട്: തുണിവ്യാപാരത്തിന്റെ മറവിൽ നടന്ന 27 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെ ജി.എസ്.ടി വിഭാഗം പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നു. വെള്ളിയാഴ്ച മിഠായിത്തെരുവിലെ 12 എണ്ണം ഉൾപ്പെടെ നഗരത്തിലെ 20 ഷോപ്പുകളിലും മഞ്ചേരിയിലെ അടക്കം അഞ്ചു വീടുകളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
മാങ്കാവ് സ്വദേശി അഷ്റഫ് അലി, ഭാര്യ നൂർജഹാൻ, സുഹൃത്ത് ഷബീർ എന്നിവർ ചേർന്നാണ് വൻ വെട്ടിപ്പ് നടത്തിയതെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. നിരവധി രേഖകളാണ് ഇവരുടെ വീടുകളിൽനിന്നും ഷോപ്പുകളിൽനിന്നും പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ തന്നെ ഏറെക്കാലമായി നികുതിവെട്ടിപ്പ് നടത്തുന്നുവെന്ന് മനസ്സിലായിട്ടുണ്ട്.
രേഖകൾ പരിശോധിച്ച് നിയമപരമായി തുടർനടപടി സ്വീകരിക്കുമെന്ന് ജി.എസ്.ടി വിഭാഗം ജോയന്റ് കമീഷണർ ടി.എ. അശോകൻ പറഞ്ഞു. രേഖകൾ പൂർണമായും പരിശോധിച്ച് പിഴവുകളില്ലാതെ നടപടിയെടുത്തില്ലെങ്കിൽ കോടതിയിലുൾപ്പെടെ തിരിച്ചടിയുണ്ടാകുമെന്നതു മുൻനിർത്തിയാണ് സമയമെടുത്ത് കാര്യങ്ങൾ ചെയ്യുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
മുഴുവൻ രേഖകളുടെയും പരിശോധന പൂർത്തിയാകുന്ന മുറക്ക് ഇവരുടെ ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കാൻ നടപടി സ്വീകരിക്കുന്നതോടൊപ്പം കണക്കുകൾ കൃത്യമാക്കി തുകയടക്കാൻ നോട്ടീസ് നൽകുകയും ചെയ്യും.
രാജസ്ഥാനിൽനിന്നും ഗുജറാത്തിൽനിന്നും നികുതിയടച്ച് തുണി കൊണ്ടുവരുന്നതായി വ്യാജരേഖയുണ്ടാക്കിയാണ് കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത്. ഈ സംസ്ഥാനങ്ങളിലെ ആരുടെയോ ആധാർ കാർഡ് ഉൾപ്പെടെ സംഘടിപ്പിച്ച് വ്യാജ ജി.എസ്.ടി രജിസ്ട്രേഷൻ ഉണ്ടാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.