കോഴിക്കോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനങ്ങൾ ഗണ്യമായി കുറഞ്ഞതുവഴി സംസ്ഥാനത്തിന് നഷ്ടം 500 കോടിയിലേറെ രൂപ. തദ്ദേശ സ്ഥാപനങ്ങൾ മുഖേന ഫലപ്രദമായ പദ്ധതികൾ സമർപ്പിക്കുന്നതിൽ വന്ന വീഴ്ചയും ഇവയുടെ ഏകോപനത്തിൽ സംസ്ഥാന മിഷന് സംഭവിച്ച പോരായ്മയുമാണ് ഭീമമായ തൊഴിൽ നഷ്ടത്തിനിടയാക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംസ്ഥാനത്ത് 2023 -24 സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 5,89,48,429 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിരുന്നതെങ്കിൽ ഈ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 4,12,87,944 തൊഴിൽ ദിനങ്ങളേ സൃഷ്ടിക്കാനായിട്ടുള്ളൂ. 1,76,60,485 തൊഴിൽ ദിനങ്ങളുടെ കുറവു വഴി തൊഴിലാളികൾക്കും സംസ്ഥാനത്തിനും നഷ്ടപ്പെട്ടത് 534 കോടി രൂപയാണ്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നിൽ രണ്ട് ഭാഗം തീരാറായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതിയിൽ ചെലവഴിച്ച ആകെ തുകയുടെ പകുതിപോലും ചെലവഴിക്കാൻ സംസ്ഥാനത്തിനായിട്ടില്ല.
കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതിയിൽ ആകെ ചെലവഴിച്ച തുക 3969 കോടി രൂപയായിരുന്നെങ്കിൽ ഈ വർഷം നവംബർ 11 വരെ ചെലവഴിച്ചത് 1945 കോടി രൂപ മാത്രമാണ്. കൂലിയിനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ചത് 3324 കോടി രൂപയായിരുന്നെങ്കിൽ ഈ വർഷം ഇതുവരെ ചെലവഴിച്ചത് വെറും 1603 കോടി രൂപ മാത്രം. ഓരോ പഞ്ചായത്തിലും തൊഴിലുറപ്പ് പദ്ധതിക്ക് മാത്രമായി അക്രഡിറ്റഡ് എൻജിനീയർമാർ, ഓവർസിയർമാർ, ഡേറ്റ എൻട്രി ഓപറേറ്റർമാർ എന്നിവർ ഉണ്ടായിരിക്കെയാണ് ഓരോ പഞ്ചായത്തിലും തൊഴിൽദിനങ്ങൾ കുറഞ്ഞത്.
ഇതേ ജീവനക്കാരെ വെച്ചുകൊണ്ടാണ് കഴിഞ്ഞകാലങ്ങളിലെല്ലാം രാജ്യത്തിനുതന്നെ മാതൃകയായ വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കിയത്.
എന്നാൽ, ഇക്കാലയളവിൽ ജീവനക്കാരെ ഏകോപിപ്പിച്ച് പുതിയ പ്രോജക്ടുകൾ നടപ്പാക്കാനോ ജീവനക്കാരെ മോണിറ്റർ ചെയ്യുന്നതിനോ കഴിഞ്ഞില്ല.ഈ വർഷം കൂലി വർധിപ്പിച്ചിട്ടും ആകെ ചെലവഴിച്ച തുകയിലുണ്ടായ കുറവ് തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഇങ്ങനെ പോയാൽ ഈ സാമ്പത്തിക വർഷം കേന്ദ്രം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിൽ മുടക്കുന്ന തുകയിൽ ആയിരക്കണക്കിന് കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.