നാദാപുരം: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഛായാചിത്രങ്ങൾ വരച്ച് ജനകീയ ശ്രദ്ധനേടിയ വാണിമേലിലെ സത്യൻ നീലിമ കുട്ടികൾക്ക് വേണ്ടി കർണാടകയിൽ തയാറാക്കിയ പുസ്തകത്തിൽ ഇടംപിടിച്ചു. ഉടുപ്പി ജില്ലയിലെ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വേണ്ടി പ്രസിദ്ധീകരിച്ച 'മക്കലിഗാഗി മഹാത്മാ' (കുട്ടികൾക്കുള്ള മഹാത്മാ) എന്ന ഗാന്ധിജിയെ കുറിച്ചുള്ള പുസ്തകത്തിലാണ് ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകല അധ്യാപകൻ സത്യൻ നീലിമയെ കുറിച്ച് വിശദമായ കുറിപ്പ് നൽകിയിട്ടുള്ളത്. പീപ്പിൾസ് സയൻസ് മൂവ്മെൻറ് സംസ്ഥാന നേതാവായ ഉദയ് ഗാവോങ്കർ ആണ് പുസ്തകം എഴുതിയത്. പൊതുജനങ്ങളിൽ, പ്രത്യേകിച്ച് കുട്ടികളിൽ മഹാത്മാഗാന്ധിയെ കുറിച്ച് അവബോധമുണ്ടാക്കാൻ സത്യൻ ചെയ്ത സേവനങ്ങളെ പുസ്തകത്തിൽ ഏറെ പ്രകീർത്തിച്ചിട്ടുണ്ട്.
രണ്ടു വർഷങ്ങൾക്ക് മുമ്പ് ചിത്രകലാ മത്സരങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിൽ സന്ദർശനം നടത്തിയപ്പോഴാണ് പല വിദ്യാലയങ്ങളിലും ഗാന്ധിജിയുടെ ചിത്രം പോലുമില്ലെന്ന് സത്യൻ നീലിമ മനസ്സിലാക്കുന്നത്. ഗാന്ധിജിയുടെ ചിത്രം പോലും കാണാൻ കഴിയാത്ത കുട്ടികൾക്ക് അദ്ദേഹത്തിെൻറ ആദർശങ്ങളും ജീവിതവും എങ്ങനെ മനസ്സിലാക്കാൻ പറ്റുമെന്ന സന്ദേഹത്തിൽ നിന്നാണ് എല്ലാ വിദ്യാലയങ്ങൾക്കും ഗാന്ധിജിയുടെ ചിത്രങ്ങൾ വരച്ച് നൽകാൻ സത്യൻ തീരുമാനിച്ചത്. ആ വർഷം തന്നെ ഏകദേശം നാൽപതോളം ചിത്രങ്ങൾ അദ്ദേഹം ചുറ്റുമുള്ള സ്കൂളുകൾക്ക് നൽകി.
അടുത്ത വർഷം കാരശ്ശേരി സഹകരണ ബാങ്ക് സത്യന്റെ ശ്രമത്തിന് ധനസഹായം വാഗ്ദാനം ചെയ്തു. തുടർന്ന് പൊലീസ് സ്റ്റേഷൻ പോലെയുള്ള പൊതു ഇടങ്ങളിലും ഗാന്ധിജിയുടെ ചിത്രങ്ങൾ നൽകാൻ തുടങ്ങി. മഹാത്മാഗാന്ധിയുടെ മാത്രമല്ല, നെഹ്റു, ഇ.എം.എസ്, ശിഹാബ് തങ്ങൾ തുടങ്ങി നിരവധി പേരുടെ ഛായാചിത്രങ്ങളും മാർബിൾ ചിത്രങ്ങളും സത്യൻ തയാറാക്കിയിട്ടുണ്ട്. നല്ലൊരു ശിൽപി കൂടിയായ സത്യൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കാൻ ശിൽപ വിൽപന നടത്തിയത് ഏവരുടേയും പ്രശംസ നേടിയിരുന്നു. സത്യൻ തയാറാക്കിയ രവീന്ദ്രനാഥ ടാഗോറിെൻറ പ്രതിമ കഴിഞ്ഞ മാസമാണ് മൊകേരി ഗവ. കോളജിൽ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.