കോഴിക്കോട്: ബീച്ച് കേന്ദ്രീകരിച്ച് വാഹനങ്ങളും വാഹനങ്ങളുടെ ഡിക്കിയിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കളും പണവും കവരുന്ന സംഘം അറസ്റ്റിൽ. നല്ലളം പനങ്ങാട് മഠംമേക്കയിൽപറമ്പ് യാസിർ അറാഫത്ത് (27), ചേലേമ്പ്ര കാരപറമ്പ് രജീഷ് (38), വെങ്ങളം കാട്ടിൽപീടിക വയലിൽ അഭിനവ് (20), എലത്തൂർ കാലംകോളിത്താഴം മുഹമ്മദ് അദിനാൻ (20) എന്നിവരാണ് പിടിയിലായത്. സിറ്റി പൊലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള വെള്ളയിൽ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
നിരവധി സ്കൂട്ടറിന്റെ താക്കോലുകളുമായി നടക്കുന്ന ഇവർ, നിർത്തിയിട്ട ബൈക്കുകളിൽ താക്കോലിട്ട് തിരിച്ച് ലോക്ക് പൊട്ടിച്ചാണ് മോഷണം നടത്തുന്നത്. സി.എച്ച് മേൽപാലത്തിനടുത്ത് പി.കെ. അപ്പാർട്ട്മെന്റിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട സ്കൂട്ടറും കുറ്റിച്ചിറ ബിരിയാണി സെന്ററിനടുത്ത് നിർത്തിയിട്ട സ്കൂട്ടറും ബീച്ച് ഹോസ്പിറ്റലിനടുത്ത് പാർക്കിങ്ങിൽ നിർത്തിയിട്ട സ്കൂട്ടറും മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് സമ്മതിച്ചു. തെരുവിൽ ഉറങ്ങുന്ന ആളുകളുടെ പണവും മൊബൈൽ ഫോണുകളും ഇവർ കവർന്നിട്ടുണ്ട്. ബീച്ച് പരിസരത്ത് നിർത്തിയിട്ട ഓട്ടോയിൽനിന്നും ബാറ്ററി മോഷ്ടിച്ചതായും പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബീച്ചിൽ നിർത്തിയിട്ട സ്കൂട്ടറിൽനിന്നും ഒന്നര ലക്ഷത്തോളം വിലവരുന്ന കാമറയും ഇവർ കവർന്നു. പിടിയിലായവർ മറ്റു നിരവധി കുറ്റകൃത്യങ്ങളിലും പ്രതികളാണ്.
വിദഗ്ധമായി, വളരെ പെട്ടെന്ന് ഒരു കൈകൊണ്ട് സീറ്റ് പൊക്കിപ്പിടിച്ച് വിടവിലൂടെ മറ്റേ കൈയിട്ടാണ് സ്കൂട്ടറുകളുടെ ഡിക്കിയിൽനിന്ന് സാധനങ്ങൾ എടുക്കുന്നത്. പലപ്പോഴും ഒരാൾതന്നെ ഇത് ചെയ്യുകയും കൂടെയുള്ളവർ മറയായി നിൽക്കുകയും ചെയ്യും. മോഷണമുതലുകൾ ആർഭാട ജീവിതത്തിനും ലഹരിവസ്തുക്കൾ വാങ്ങാനുമാണ് പ്രതികൾ ചെലവഴിക്കുന്നത്. സംഘം മോഷ്ടിച്ച വാഹനങ്ങൾ പൊലീസ് കണ്ടെടുത്തു.
ബീച്ച് ഭാഗത്ത് സമാന മോഷണങ്ങൾ കൂടുന്നതായി ശ്രദ്ധയിൽപ്പെട്ട പൊലീസ് ദിവസങ്ങളോളം നിരീക്ഷണം നടത്തിയിരുന്നു. കൂടാതെ നിരവധി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. നാലംഗ സംഘത്തെ പിടികൂടിയതോടെ ബീച്ച് ഭാഗങ്ങളിലെ നിരവധി മോഷണ കേസുകൾക്ക് തുമ്പുണ്ടായതായും മറ്റ് മോഷണ സംഘത്തെ കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചതായും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, സിവിൽ പൊലീസ് ഓഫിസർ രാകേഷ് ചൈതന്യം, വെള്ളയിൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സജി ഷിനോബ്, ജയേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രജിത്, ദീപു, സിവിൽ പൊലീസ് ഓഫിസർ ഷിജു എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.